2022 ജനുവരി 14, വെള്ളിയാഴ്‌ച

 

നാട്ടാഴം 1

മേഘങ്ങൾ പറയുന്നത്
-ബാലകൃഷ്ണൻ മൊകേരി
ഏതോ ജനുവരിയുടെ വെട്ടുവഴിയിൽ
തിളച്ചൊഴുകുന്ന വെയിൽപ്പുഴ
അനായാസം നീന്തിക്കടന്ന്,
കരിവീട്ടിക്കാതൽകടഞ്ഞുതീർത്ത
ഉരുപ്പടിപോലെ
കരുത്തനായൊരു യുവാവ്,
വായനശാലയിൽ കേറിവന്ന്
പരമസാത്വികനായ
കൃഷ്ണൻ മാഷോട് സംശയംചോദിച്ചു :
മാഷേ,പറഞ്ഞാലും,
മലഞ്ചെരിവിലെ കാടുവഴക്കി
കറുത്തമണ്ണിൽ കിളച്ചൊരുക്കിനട്ട
തെങ്ങിൻ തൈയ്യിൽ,
കാട്ടുപന്നിയോടേറ്റുമുട്ടി ബാക്കിയാക്കി
കാലാകാലങ്ങളിൽ തടംതുറന്ന്
വളമിട്ടും ,
കണ്ണീരും ആവിയാവുന്ന വേനലിൽ
ഒരിക്കലും വറ്റാത്ത
താഴ് വാരത്തെ പാറക്കുണ്ടിൽനിന്ന്
വെള്ളം കൊണ്ടുപോയി നനച്ചും
വളർത്തിവലുതാക്കിയ
ആ തൈത്തെങ്ങിൽ
ആദ്യത്തെ കുലവിരിഞ്ഞ്
വെളിച്ചിലും കരിക്കുമാവുമ്പോൾ,
ആദ്യത്തെകരിക്ക്
കൃഷിക്കാരന്റെ അവകാശമല്ലേ ?
കൃഷ്ണൻമാഷ് ,അയാളുടെ മുഖത്തേക്കുറ്റുനോക്കി
ചെറുചിരിയോടെ പറയുന്നു,
തൈവെച്ചത് ആരാന്റെ പറമ്പത്തല്ലെങ്കിൽ,
തൈവെച്ച സ്ഥലം മറ്റൊരാൾക്കു
വില്പനനടത്തിയതല്ലെങ്കിൽ
കൃഷിക്കാരനെ ആർക്കാണ് തടയാനാവുക ?
മനോരമയിലെ ബോബനും മോളിയും
വായിച്ചോണ്ടിരിക്കുന്ന എനിക്ക്
ചോദ്യവും ഉത്തരവും
മനസ്സിലായില്ലെങ്കിലും,
ആ യുവാവ്
അതുമതി,അതുമതിയെന്ന് ആശങ്കതീർത്ത്
വറ്റാൻതുടങ്ങിയ വെയിൽപ്പുഴയിലിറങ്ങി മുങ്ങി
അപ്രത്യക്ഷനായി!
കൃഷ്ണൻമാഷ് ഒരു വരണ്ടചിരിചിരിച്ച്
വെറ്റിലമുറുക്കാൻതുടങ്ങിയപ്പോഴേക്കും
വന്നുചേർന്ന ചങ്ങാതിമാരോടൊപ്പം
കേറംസ് കളിക്കാനിരുന്നു ഞാൻ!
പിന്നത്തെ ഒക്ടോബറിലാണ്
എട്ടാംക്ലാസിൽപഠിക്കുന്ന അയാളുടെ മകൾ
പ്രസവിച്ചെന്നും,
പ്രതിസന്ധിയിൽ തകർന്നുപോയ അയാൾ
പറങ്കിമാവിൻകൊമ്പിലെ
കയർക്കുരുക്കിൽ തൂങ്ങിയാടിയെന്നും
അറിയുന്നത്.
വായനശാലയിലെ കസേരയിലിരുന്ന്
കൃഷ്ണൻമാഷപ്പോൾ
ആകാശമേഘങ്ങൾ പറയുന്നത്
കേൾക്കാൻ ശ്രമിക്കുകയായിരുന്നു!
**************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ