2021, ജൂൺ 18, വെള്ളിയാഴ്‌ച

 

കാറ്റെന്ന തോട്ടക്കാരൻ
ബാലകൃഷ്ണൻ മൊകേരി
കാറ്റെന്ന തോട്ടക്കാരന്
എന്തു ശുഷ്ക്കാന്തിയെന്നോ!
അയാള് തന്റെ തോട്ടത്തിൽ
തിരക്കോടെ പാഞ്ഞുനടക്കുന്നു.
പ്രിയപ്പെട്ട പൂച്ചെടികളെ
മൃദുവായി തലോടാൻ
ഇടയ്ക്കയാള് നേരം കാണുന്നുണ്ട്!
കാലാവധിയെത്തിയ മരങ്ങളെ
പിഴുതെറിയുന്നുണ്ട്,
ഇടയ്ക്കിടെ,
കരിയിലകളുടെ വളം
വാരിവിതറുന്നുണ്ട്!
ചാറ്റമഴകൊണ്ട്
ചെടികള് നനയ്ക്കുന്നുണ്ട്,
ഞെട്ടറ്റുവീണ പൂക്കള്വാരി
നടപ്പാതയിൽ വിതറുന്നുണ്ട്!
മേഘങ്ങളുടെ പാറയിടുക്കിൽ മുളച്ച്
താഴേക്കുപടരുന്ന
മിന്നൽവള്ളിയുടെ ശാഖകള്
പൊട്ടിച്ചെറിയുന്നുണ്ട്!
എങ്ങുനിന്നോ കൊണ്ടുവന്ന് നട്ട
ജലവൃക്ഷശാഖകളിൽ
മീനുകള്പൂക്കളായി വിരിയുന്നുണ്ട്,
കവാടത്തിനടുത്ത് നട്ട
പൊടിയുടെ മുളങ്കൂട്ടത്തിൽ
ആദിമസംഗീതം പൊഴിയുന്നുണ്ട്!
എന്നിട്ടും തൃപ്തിവരാതെ
കടൽജലംമുക്കിയെടുത്ത്
തോട്ടമാകെ കഴുകുകയാണ്
കാറ്റെന്ന തോട്ടക്കാരൻ!
..........................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ