2021, ജൂൺ 26, ശനിയാഴ്‌ച

 

ചിലർ
-ബാലകൃഷ്ണൻ മൊകേരി
ഫയൽ കൃത്യമായി പഠിക്കാതെ തടസ്സവാദമെഴുതിയ
ഗുമസ്തൻ ഭൗതികാനന്ദനെ
ആപ്പീസർ കാബിനിൽവിളിപ്പിച്ചു.
എന്താടോ,ഇങ്ങനെയാണോ
ഫയലിൽ നോട്ടെഴുതുന്നത് ?
അത്..അല്ല...ഞാൻ ...ഭൗതികന് വിയർത്തു!
കുറേ സർവ്വീസുണ്ടല്ലോ നിങ്ങള്ക്ക്,
ഒരു ഫയൽ
എങ്ങനെ കൈകാര്യംചെയ്യണംന്നറിയില്ലേ?
പോയി മാറ്റിയെഴുതൂ
-ആപ്പീസറുടെ ഒച്ചപൊങ്ങി.
ഫയലുമെടുത്ത് ജാള്യത്തോടെ
കാബിനിൽനിന്നിറങ്ങുന്ന
ഭൗതികാനന്ദനോട് നാരദക്കുറുപ്പ് ചോദിച്ചു :
"എന്തേയ് ?കിട്ടിയോ കൂട്ടം?”
"കൂട്ടമോ, എനിക്കോ,"ഭൗതികാനന്ദൻ വീറോടെ പറഞ്ഞു,
"ഞാനവനെയാണ് പുലഭ്യം പറഞ്ഞത്,
ഇറങ്ങുമ്പോ ഒരു ചവിട്ടുംകൊടുത്തു,
അങ്ങനെയാ, എന്നോടുകളിച്ചാൽ"
പിറുപിറുത്തുകൊണ്ട് ഭൗതികാനന്ദൻ
സീറ്റിലിരിക്കുമ്പോള്,
നാരദക്കുറുപ്പ് ,
വാര്ത്തയുടെ പരാഗണംനടത്തുകയായിരുന്നു!
പുറത്ത് പതിവുപോലെ
ഊഷ്മളമായകാറ്റുവീശുന്നുമുണ്ടായിരുന്നു!
(ജീവിച്ചിരിക്കുന്നവരുമായോ, മരിച്ചവരുമായോ
ഇക്കഥയ്ക്ക്
ഒരു ബന്ധവുമില്ലെന്ന്
കഥാകൃത്ത് ആണയിടുന്നു)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ