2021, ജൂൺ 18, വെള്ളിയാഴ്‌ച

മേഘസന്ദേശം
- ബാലകൃഷ്ണൻ മൊകേരി
മാനത്തിൻ നടവരമ്പത്തുകൂടി,
മണ്ണിനെക്കൊഞ്ഞനം കുത്തി,
വെളിനാട്ടിലേക്കു പറക്കുന്ന
ജലവാഹിനി മേഘങ്ങളെ,
മിന്നൽക്കയറിനാൽ കെട്ടി,
നടുപ്പുറത്ത് രണ്ടിടിയും നല്കി
തിരികെയെത്തിക്കാൻ
ഈ മണ്ണിൻ വരണ്ട നെഞ്ചിൽ നിന്ന്
ഉയർന്നു വന്നൊരു ചുഴലിക്കാറ്റും
എതിർപ്പിൻ്റെ,
ന്യൂനമർദ്ദവും മതിയായിരുന്നു !
കള്ളക്കടത്തു നടത്തിയ
ജലസമ്പത്തു മുഴുവൻ
മണ്ണിൻ്റെ കാല്ക്കലർപ്പിച്ച്,
കള്ള മേഘങ്ങളിപ്പോൾ
പടിപ്പുറത്ത് പതുങ്ങി നില്പാണ്
പല നിറത്തിൽ
മഞ്ഞളിച്ചങ്ങനെ !
മേഘസന്ദേശമിത് കാളിദാസനെ
കാത്തിരിപ്പാണ് പുതുചരിത്രത്തിൽ.....
..................................................................

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ