2022, മാർച്ച് 15, ചൊവ്വാഴ്ച

 

നാട്ടാഴം 2
മരിപ്പ്
-ബാലകൃഷ്ണൻ മൊകേരി
തൊണ്ണൂറ്റിയാറുവയസ്സുള്ള ഔസേപ്പച്ചൻ
ഇന്നലെ വയ്യിട്ട്,
വറീതിനോടു വാങ്ങിച്ച ഒരേക്കറിലെ
റബ്ബര്തോട്ടത്തിലൂടെ,
വെട്ടാറായിവരുന്ന റബറുകളുടെ
ഇലയാട്ടംകണ്ട് തെളിഞ്ഞ്
കാലൊച്ചകേട്ട് അമറുന്ന
ആലയിലെ ലീലാമ്മപ്പശുവിനോട് മിണ്ടിപ്പറഞ്ഞ്
കിണറ്റുകരയിൽചെന്ന്
കാലുംമുഖവും കഴുകി
ഉമ്മറത്തിണ്ണയിലിരുന്ന് ഊരചൊറിഞ്ഞ്
ഉല്ലാസത്തോടെ പാടുമ്പോൾ
മറിയപ്പെമ്പിളകൊടുത്ത കട്ടൻചായ
ഉറുഞ്ചിക്കുടിച്ച്,
പലബിസ്കറ്റ് കൂടെക്കടിച്ച്
പെമ്പിളയുടെ മുഖത്തേക്ക്
അന്നുനിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ലെന്ന്
പ്രേമാതുരനായി പാടിക്കൊണ്ടിരിക്കെ
പിന്നോട്ടു മലർന്ന്
ചുമ്മാ അങ്ങു മരിച്ചുപോയി!
അലമുറകേട്ടെത്തിയോരെല്ലാം
ഔസേപ്പച്ചന്റെ മരണത്തെ
ദൈവാനുഗ്രഹവും ഭാഗ്യമരണവുമായി ദൃഷ്ടാന്തപ്പെട്ട്
കുരിശുവരയ്ക്കുമ്പോൾ,
താഴത്തെ ജോര്ജ്ജൂട്ടിയുടെ തള്ള
എൺപതുകഴിഞ്ഞ മേരിപ്പെമ്പിള,
പ്രാഞ്ചിപ്രാഞ്ചി കയറിവന്ന്,
ചുമ്മാ മരിച്ചുകിടന്ന ഔസേപ്പച്ചനെക്കണ്ട്
മൂക്കത്തു വിരൽവെച്ചു
ബംഗ്ലൂരിലെ ഔതയെത്തിയോടാ
അമേരിക്കേന്ന് ലില്ലിയെപ്പം വരുമെടാ,
ഡൽഹീന്ന് സോഫിയ പുറപ്പെട്ടോടാ
എന്നൊക്കെ ആരോടൊക്കെയോ
ചോദിച്ചതായി നടിച്ച്
കരഞ്ഞുതളർന്നുകിടക്കുന്ന
മറിയപ്പെമ്പിളേടടുത്തുചെന്ന്
ഇങ്ങനെ പുലമ്പാൻതുടങ്ങി
വല്ലാത്തൊരു ചെയ്തായിപ്പോയല്ലോ
ഔസേപ്പുമാപ്പിളേ ,ഇതിയാന്റെ മരിപ്പെന്ന്,
ഒരാഴ്ച്ചേങ്കിലും കെടന്നുപോയിറ്റുണ്ടേല്
മക്കക്കെല്ലാം വരാനും
വര്ത്താനം പറയാനും
ബന്ധം പുതുക്കാനും
പറ്റൂലാരുന്നോ
ഇതിപ്പം, ആരോടും പറയാതെ,
ഒരടയാളോം കൊടുക്കാതെ,
ഒരെല ഒണങ്ങി വീഴുമ്പോലെയായി
ഇതിയാന്റെ മരിപ്പ്!
മേരിത്തള്ള തൊണ്ടയിടറിപ്പറയുമ്പോൾ
അയലോക്കക്കാര്
സ്വന്തത്തിനും ബന്ധത്തിനും
വിവരംകൊടുക്കുകയായിരുന്നു
മേരിത്തള്ളയുടെ മുന്നിലായി
ഔസേപ്പുമാപ്പിളയുടെ ജഡമപ്പോൾ
സെന്റ് ജോൺസ് കലാസമിതിയുടെ
ഫ്രീസറുംകാത്ത്കിടക്കുകയായിരുന്നു!
*********************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ