2022, സെപ്റ്റംബർ 21, ബുധനാഴ്‌ച

നാട്ടാഴം 3
വയലിലെപീടിക
ബാലകൃഷ്ണൻ മൊകേരി
( കേരളത്തിൽ വയലിൽപീടികയെന്നപേരിൽ ഒരു കടയെങ്കിലുമില്ലാത്ത നാട്ടിൻപുറമുണ്ടാവില്ല. ഇവിടെ സൂചിപ്പിക്കുന്ന വയലിൽപ്പീടിക ഏതാണെന്നു തിരിച്ചറിയാനുള്ളഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ )
പരലിന്റെ മണവുമായ്
ഞാറ്റുപാട്ടിൻമണം
പടരുന്ന വയലിന്റെ
നടുവിലൊരു കുനിയുണ്ട്
കുനിയിലൊരു കടയുണ്ട്,
പലകയിൽ പണിതീർത്തൊ-
രറയും നിരകളും,
മേല്ക്കൂരയോലയിൽ,
ചിലന്തിക,ളരണകൾ,
ഓര്മ്മത്തെളിപോലെ
എലികളും പായുന്നു!
നാട്ടിൻപുറത്തിന്റെ
കൊള്ളക്കൊടുക്കയിൽ
നിരന്തരമിടപെട്ടു
നില്ക്കുന്ന പീടിക
വയലിലെപ്പീടിക
നമ്പിയാർപ്പീടിക!
പണികഴിഞ്ഞെത്തുന്ന
നാട്ടുകാരിവിടുന്നു
സാധനങ്ങള്വാങ്ങി
കൂരകൾ തേടുന്നു!
നിരപ്പലകയിൽ
ചോക്കുതുണ്ടിനാൽ നമ്പിയാർ
കണക്കെഴുതിവയ്ക്കുന്നു.
കടയുടെമുന്നിലെ
കൈത്തോട്ടിലെപ്പോഴും
തുണിയലക്കുന്നവർ
വായിട്ടലക്കുന്നു
വര്ത്തമാനങ്ങളിൽ
നാടാകെയും തുണി
ച്ചീന്തുപോൽ കല്ലി-
ലടിച്ചലക്കീടുന്നു!
ചിലതുണികൾ കീറുന്നു
ചിലകണ്ണുപെയ്യുന്നു
നാടിന്നഴുക്കുകൾ
തോട്ടിൽ കലരുന്നു,
തോടതിൻ യാത്ര
തുടരുന്നു പിന്നെയും!
പണിയാളർ കടമുറ്റ-
ത്തണയുന്നു ,പലമൊഴികൾ
ചിരിയലകൾ പൊങ്ങുമ്പോ-
ളണയുന്നു മറ്റൊരാൾ,
ചുമലിലൊരു പാരയും
പേറിയെത്തുന്നയാൾ
തേങ്ങയുരിക്കുന്ന
കേളപ്പൻ ചെട്ടിയാർ
നെടുതായൊരാൾ,
തീരെ മെല്ലിച്ചയാൾ,കൊച്ചു
തോർത്തുടു,ത്തിടിയൊച്ച
തീർത്തു മിണ്ടുന്നയാൾ!
കടയിൽനിന്നൊരുതേപ്പി-
നെണ്ണവാങ്ങിത്തന്റെ
തലയിൽ കുളിർപ്പിച്ച്,
കുളിയൊരുക്കംകൂട്ടി
കടയുടെ കിഴക്കുള്ള
ചെറുകിണർ പക്കത്തി-
ലണയുന്നു, പാളയിൽ
വെള്ളം വലിച്ചെടു-
ത്തതുതന്റെ തലയിൽ
കമഴ്ത്തി രസിപ്പയാൾ
തന്റെയാതോർത്തൂരി,
മുക്കിയൊലുമ്പീട്ട്
ആൾമറമേലെ
പ്പിഴിഞ്ഞുവെക്കുന്നയാൾ!
പിന്നാണു മേളം,
കിണറോരമുള്ളൊരു
നീളൻ കവുങ്ങിൽ
പുറമുരച്ചങ്ങനെ
ചെട്ടിയാർ സ്നാനം
തുടരുന്നു,കോണകം
പെന്ഡുലംപോലെ
നിരന്തരമാടുന്നു!
തോട്ടിലെസ്ത്രീകൾ
ചിരിച്ചുമറിയുന്നു,
ചിരികണ്ടു,വെടിയൊച്ച
പോലയാൾ പറയുന്നു
വെറുതേ ചിരിക്കേണ്ട
മുത്തുപൊഴിക്കേണ്ട!
ഇനിയും ചിളിക്കുകിൽ
കോണകമഴിക്കുംഞാൻ!
പെണ്ണുങ്ങളപ്പോഴും
കലപിലചിരിക്കുന്നു,
പെൻഡുലത്തിന്നാട്ട-
വേഗംവളരുന്നു
ചെട്ടിയാർ ശാന്തനായ്
കുളിച്ചുതുവർത്തുന്നു!
കടമുറ്റത്താണുങ്ങൾ
പൊട്ടിച്ചിരിക്കുന്നു
നമ്പിയാർ പലകയിൽ
കണക്കുകളെഴുതുന്നു
ബീഡികൾ പുകയുന്നൊ-
രിരവിലേക്കാളുകൾ
ചെറുചൂട്ടു മിന്നിച്ചു
പതിയേമടങ്ങുന്നു.
നമ്പിയാർ നിരയിട്ട്
കട ഭദ്രമാക്കുന്നു,
താക്കോലിനൊച്ചയിൽ
ചെവിചേർത്തുകൊണ്ടയാൾ
വേലിവിളക്കുമായ്
തൻ വീടുതേടുന്നു!
വയലിലെ ത്തവളതൻ
താരാട്ടുകേള്ക്കെയാ
വയലിലെപ്പീടിക
മയങ്ങാൻതുടങ്ങുന്നു
*****************

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ