2022, സെപ്റ്റംബർ 21, ബുധനാഴ്‌ച

നിരത്തിലൂടെ സ്കൂട്ടറോടിക്കുമ്പോൾ
-ബാലകൃഷ്ണൻ മൊകേരി
സ്കൂട്ടറോടിച്ചുകൊണ്ട്
നിരത്തിലൂടെ പോകുമ്പോൾ
കാലുകൾക്കടിയിൽനിന്ന്
നേർത്തൊരു വിറയൽ
കയറിക്കയറിവന്ന്
വയറ്റിലെത്താറുണ്ട് !
ഹെൽമെറ്റുവെച്ച്,
വളവുകളിലും നാല്ക്കവലകളിലും
അടയാളവെളിച്ചംതിളക്കി,
ഹോൺ കരയിച്ച്,
രാജപാതയിലേക്കുള്ള പ്രവേശനവേളയിൽ
നിറുത്തി,വലമിടം നോക്കി,
അടയാളം തിളക്കി
പതുക്കെ മുന്നോട്ടായുമ്പോൾ
അതുവരെ കണ്ണാടിയിലില്ലാത്തൊരാൾ
കാറ്റുപോലെ കടന്നുപോവുന്നു!
വഴിയിറമ്പുകളിൽനിന്ന്
ചോരയിൽകുളിച്ചരൂപങ്ങൾ
ശുഭയാത്രനേരുന്നു!
എതിരേനിന്ന്,പോത്തുകളെ കയറ്റിയ
പാണ്ടിലോറികളുടെ ഒരുനിര
വഴിനോക്കാതെ ഇരമ്പിവരുന്നു!
തലയ്ക്കുമേലെ
പേരറിയാത്ത മാലാഖമാർ
നേർത്ത ചിറകുകളിൽ
തുമ്പിയാട്ടംനടത്തുന്നു.
കമ്പിക്കാലിന്റെ മറവിൽനിന്ന്
കാലം ലിഫ്റ്റുചോദിക്കുന്നു!
യാത്രതുടരുമ്പോളാകട്ടെ,
മുന്നിൽപോകുന്ന കാറുകൾ
വഴിതരാതെ
നവവധുവിനെപ്പോലെ മന്ദമന്ദം
മുന്നിലങ്ങനെ പിച്ചവെക്കുമ്പോൾ,
വലതുവശത്തൂടെ കടന്നുപോകാൻ
വെറുതേ ശ്രമിക്കാറുണ്ട്!
അപ്പോഴൊക്കെ എതിരെ കുതിച്ചുവരുന്ന
ബസ്സുകളുടെ ഭീകരമായ ഇരമ്പൽ
പിന്നോട്ടുതള്ളുന്നു.
എതിരെ വണ്ടിയില്ലെങ്കിൽ
കാറുകള് വേഗംകൂട്ടി,
കടന്നുപോകാനൊരുങ്ങുന്നവനെ
പരിഹസിക്കാറുണ്ട്.
അപ്പോഴേക്കും,ഇടത്തുകൂടൊരുവൻ
കടന്നെത്തി നമ്മെ പിന്തള്ളുന്നു!
നിയമങ്ങൾ പലപ്പോഴും
അതുപാലിക്കുന്നവരെ പരിഹാസ്യരാക്കുന്നു!
നിരത്തുമുറിച്ചുകടന്നുവരുന്ന
അമ്മുമ്മയെക്കണ്ട് വണ്ടി നിര്ത്തിയാൽ
പിന്നിലുള്ളവന് ഇടത്തുകൂടി
വിടലച്ചിരിയുമായി പറന്നുപോകുന്നു!
നടുവരയ്ക്കിപ്പുറത്തൂടെമാത്രം
വണ്ടിയോടിക്കുന്ന ചിലർ
കണ്ണിലെ ഭീതിയിലേയ്ക്ക്
പുച്ഛത്തിന്റെ മുളകുപൊടിയെറിയുന്നു!
നിയമംതെറ്റിച്ച് മുറിച്ചുകയറുന്നവൻ
സ്കൂട്ടറിലുരസിയാലും
കുറ്റം നമ്മുടെ തലയിൽവെച്ചുതന്ന്
പണംപിടുങ്ങുന്നു!
നിയമാനുസാരിയായി വണ്ടിയോടിക്കുന്നനേരം
ചിലകാണാദൃക്സാക്ഷികളെത്തി
സ്കൂട്ടറാണ് കാറിലിടിച്ചതെന്ന്
തെളിയിച്ച് നമ്മെ നിലംപരിശാക്കുന്നു,
തെറിയിൽകുളിപ്പിക്കുന്നു !
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും
എനിക്ക് സഞ്ചരിക്കാതിരിക്കാനാവുമോ?
നിയമം പാലിക്കാതെ തിരക്കുകൂട്ടുന്നവര്
പക്ഷേ
ലക്ഷ്യംപ്രാപിച്ചില്ലെങ്കിലും
മത്സരത്തിനില്ലാതെ
പതുക്കപ്പോവുന്ന ഞാൻ
എത്തേണ്ടിടത്തെത്താതെ പറ്റുമോ ?
**************************

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ