2022, സെപ്റ്റംബർ 21, ബുധനാഴ്‌ച

 

ഗുരുവന്ദനം
അഥവാ
ഗുരൂന്മൂലനം
-ബാലകൃഷ്ണൻ മൊകേരി
ഇതുകേൾക്കുക ചങ്ങാതീ,
തോൽക്കുന്നത് നിത്യം ഞാൻ,
തോല്പിച്ചു രസിക്കുന്നത്
ഗുരുനാഥൻ താൻ!
അക്ഷരമവയോരോന്നും
വ്യതിരിക്തം ,ഘടനയിലും
ഭാവത്തിലു,മതിനാൽ ഞാൻ
പലവടിവിലതെഴുതുമ്പോൾ ,
ഒരുകരമെൻ വിരലുകളെ
തടയിട്ടുനടത്തുന്നൂ,
ഇരുവരകള്ക്കുള്ളിൽ ഞാൻ
തടവിൽ പദമൂന്നുന്നൂ,
ഗുരുനാഥൻ തൻകരമെൻ
തലയിൽവെച്ചരുളുന്നൂ
“ നന്നാവുക,നന്നാവും
നിൻവഴിയും നാടകവും “
പിന്നെന്നും,പലവഴിയേ
തോന്നുംപടി പോകാനായ്
മനമുഴറും നേരത്തെൻ
പദബന്ധനമാകുന്നതു
ഗുരുവരുളിയൊരാശിസ്സാ,-
ണതിലെത്ര ദഹിച്ചൂ ഞാൻ!
അതിരുപെടാത്താകാശം
തലമേലെക്കാണുമ്പോൾ
പലപത്രികൾ പലപാടും
ധൃതിയേറിപ്പോകുമ്പോൾ ,
എൻ ചിറകിന്നുള്ളിൽ നിണ-
മൂര്ജ്ജത്തരിയാകുമ്പോൾ ,
ഞാനറിവൂ,ഗുരുവിൻമൊഴി
ബന്ധിപ്പൂ ചിറകുകളെ!
അടികാണാത്താഴങ്ങൾ
മുങ്ങാങ്കുഴി പറയുമ്പോൾ ,
ഞാനറിയു,ന്നാരുടെയോ
വിറയാര്ന്ന കരങ്ങൾ വ-
ന്നവിടെന്നെത്തടയുന്നൂ,
അറിയാത്തൊരുഭയമെന്നെ-
പ്പിന്നോട്ടുവലിക്കുന്നൂ,
കരയിൽ ഞാനൊറ്റയ്ക്കാ-
ക്കളികണ്ടുകൊതിക്കുന്നൂ,
ഗുരുവിൻമൊഴി,പെരുഭാരം
തലയിൽ ഞാൻ പേറുന്നൂ
തളരുന്നൂ,ചങ്ങാതിക-
ളാര്പ്പുവിളിച്ചലറുന്നൂ!
അതിഗൂഢമെളുപ്പത്തിൻ
വഴിയേ ഞാൻ പോകുമ്പോൾ ,
നേര്വഴിയേ പോകാനെ-
ന്നുള്ളിൽവന്നരുളുന്നു.!
കള്ളങ്ങൾ നിറയുന്നൊരു
പൊതുജീവിതവഴിതന്നിൽ,
സത്യത്തിൻ വഴിപോകാൻ
മിഴിയാലേ പറയുന്നൂ!
അതിരൂക്ഷം വെയിലേറ്റെൻ
തലയുരുകിയൊലിക്കുമ്പോൾ ,
ഗുരവേ, നിന്നാശിസ്സുക-
ളതിനൊപ്പം വറ്റാനായ്
മരുഭൂവിൻ വഴിയതിരിൽ
ചുടുകാറ്റിൽ തളരുമ്പോൾ ,
ഒറ്റമരത്തണലായെൻ
തലയിൽനീ നിറയുന്നൂ!
ഇതുകഷ്ടം,നീയെന്തിനു
പിന്നാലെ കിതയ്ക്കുന്നൂ?
ചിന്തകളിൽ,നോട്ടത്തിൽ
ചലനത്തിന്നടരുകളിൽ,
നിൻ സ്പര്ശം,കരുതൽ ഞാ-
നവിടേയും തോല്ക്കുന്നൂ!
നീപോവുക, നിൻ വേരുക-
ളൊന്നൊന്നായെൻ തലയിൽ
നിന്നു പറിച്ചെറിയുന്നേൻ!
( അവിടേയും തോല്ക്കുന്നേൻ,
കടൽതേടിപ്പോകുന്നേൻ!)
***************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ