2022, സെപ്റ്റംബർ 21, ബുധനാഴ്‌ച

 

ഗൃഹാതുരം 19
തുമ്പി
ബാലകൃഷ്ണൻ മൊകേരി
നാട്ടുമാവിൽ പഴുക്കുന്ന മാങ്ങകൾ
കൂട്ടുകാരുമായ് പങ്കിടും നാൾകളിൽ
മാന്തണലിൻ വിരിയിൽ കിടന്നുനാ-
മന്തരംഗം കൊതിയാൽ നിറയ്ക്കവേ,
മാങ്ങതിന്നാം മടുക്കുവോളം നമു-
ക്കങ്ങടങ്ങും വിശപ്പിൻ മുറവിളി
പിന്നെയും കളി,തമ്മിലടിപിടി-
യെന്നതെല്ലാമൊടുങ്ങിടും മാങ്ങയിൽ !
അപ്പൊഴാണൊരാൾ വന്ന,ടുത്തുള്ള കാ-
ട്ടപ്പതൻ ചെറുശാഖയിൽ നില്ക്കയായ്
കണ്ടപാടെ പതുങ്ങിപ്പതുങ്ങിയെൻ
കൂട്ടുകാരി പിടിക്കാൻ ശ്രമിക്കയായ് !
എത്ര വേഗം അവളാച്ചിറകുകൾ
തൻവിരലാലിറുക്കിപ്പിടിക്കയായ് !
തുമ്പി പാവം ! നിനച്ചിരിക്കാതെയാം,
വെമ്പലാര്ന്നു ചലിക്കാൻ ശ്രമിക്കയായ്
പെൺകിടാവതിൻ കാലുകളാലൊരു
കൊച്ചുകല്ലിന്റെ ഭാരം വഹിക്കുവാൻ
ചേര്ത്തുവെക്കുന്നു,കല്ലിലാക്കാലുകൾ
ചേര്ന്നുനന്നായ് മുറുക്കിപ്പിടിക്കയായ് !
ഇക്കളിയവൾ വീണ്ടും തുടരുന്നു,
ഇത്രക്രൂരയോ പെണ്ണെന്നു ഞങ്ങളും
എന്തിനാവാമവൾ കൊച്ചുതുമ്പിയെ-
ക്കൊണ്ടു കല്ലെടുപ്പിച്ചു രസിക്കുന്നു ?
സ്വേച്ഛപോലെ പറക്കുവാനാകുന്ന
കാര്യമോര്ക്കെയസൂയമുഴുത്തുവോ ?
ഇന്നു വീണ്ടും കളിക്കൂട്ടുകാരിയെ
കണ്ടുനില്ക്കെ ഞാൻ കാണുന്നു തുമ്പിയെ !
തൻ ചിറകുകളേതോ വിധിയുടെ
ദുഷ്ടമാം വിരൽത്തുമ്പിൽ കുരുങ്ങവേ,
ജീവിതത്തിൻ കടുത്തഭാരങ്ങളും
പേറി പാവം ! അവള് തുമ്പിതന്നെയായ് !
( പോയകാലമെൻ കൺകോണിലായൊരു
ദുഃഖബിന്ദുവായൂറിയതെന്തിനോ ! )
***********************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ