2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച

 

കവിയും കഥാപാത്രവും
-ബാലകൃഷ്ണൻ മൊകേരി
തന്റെ ,തുരുമ്പെടുക്കാത്ത നാരായം
നദിയുടെ ആഴങ്ങളിലേക്കെറിഞ്ഞ്
ജഡപിടിച്ച താടിമുടികളുടെ
പാമ്പുകളെ വിറപ്പിച്ച്
അട്ടഹസിക്കുന്ന കവിയുടെ
കണ്ണിലെ മേലേരിനോക്കി
ഞാൻ ചോദിച്ചു
ഇതെന്തിനുള്ള പുറപ്പാടാണ് ഗുരോ ?
ഇതിന്റെയൊക്കെ
അര്ത്ഥസൂചനയെന്തണ് ?
എന്റെ നേരെ സഹതാപക്കണ്ണുതുറന്ന്
കവി പറഞ്ഞു
വിഡ്ഢികള്!
ഇതുവരെ എന്നെത്തേടിവരാത്തവര്
എന്റെ കഥാപാത്രത്തിന് വീടൊരുക്കുന്നു !
ജന്മദേശവും ജന്മദിനവും കൊണ്ടാടി
ആകാശത്തിൽ പീതവര്ണ്ണം പുരട്ടുന്നു!
എന്റെ അകപ്പൊരുളിൽ
ഞാൻ കൊത്തിയെടുത്ത കഥാപാത്രത്തെ
അടര്ത്തിയെടുത്ത്,
രാജ്യത്തിന്റെ സിംഹാസനത്തിൽ
പ്രതിഷ്ഠിക്കുന്നു!
സ്രഷ്ടാവിനെ സങ്കല്പമായും
ഭാവനയെ ഉണ്മയായും അവരോധിച്ച്
കള്ളച്ചൂതാടുന്നു !
നിങ്ങള്ക്കൊന്നും ഭാവുകത്വമില്ല,
കവിതയ്ക്കര്ഹതയില്ല
ഞാനെന്റെ കാവ്യം
ഇതാ പിൻവലിക്കുകയാണ് !
ധ്യാനനിമഗ്നനായ
കവിയുടെ മുന്നിൽ
നിന്നു വിറയ്ക്കുകയായിരുന്നു ഞാൻ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ