2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച

 

ചന്ദ്രയാനം
[കവിത]
രചന : ബാലകൃഷ്ണൻ മൊകേരി
നീ പോകും വഴിയിൽ
നിന്നൊരുപാടകലത്തിൽ നിത്യവും നിന്നെക്കാണാൻ
കൊതിച്ചു നടക്കുമ്പോൾ
ഞാനറിയുന്നു, നിന്റെ -
യുള്ളിലായൊരു സൂര്യൻ,
ചുറ്റിലുമാഘോഷിക്കും
താരകങ്ങളും മാത്രം!
എന്നെ നീ ഗൗനിപ്പീല ,
കേവലമുപഗ്രഹ -
മെന്നു നിത്യവും പുച്ഛി -
ച്ചിവനെയകറ്റുന്നു!
ഞാനൊരു പാവം, നിന്റെ
മിഴിയിലുടക്കുവാൻ
മാത്രമീ പ്രകാശത്തെ -
ക്കടംകൊണ്ടണിയുവോൻ !
എപ്പോഴെങ്കിലും നിന്റെ
നീർമിഴിയനക്കമെൻ
കരളിൽ കുളിരല
തീർക്കുമെന്നാശിപ്പവൻ!
( ഞാനറിയുന്നു, ധരേ
എന്റെയീ വിദൂരമാം
പ്രണയം, നിന്നാഴിയിൽ
വേലിയേറ്റമായിടാം !)
മോഹഭംഗങ്ങൾ തരും
കദനപ്രവാഹത്തിൻ
തമസ്സിലല്പാല്പമായ്
ലയിച്ചു തീരുന്നു ഞാൻ !
അപ്പോഴും മനസ്സിലെ -
യണയാ പ്രണയത്തിൻ
സ്ഫുലിംഗം ജീവൻ തന്ന്
പിന്നെയും ജനിപ്പവൻ !
പ്രണയം കറതീർന്ന്
ശുദ്ധമായ് മാറാനെന്നും
അടുക്കാതകലണ -
മെന്നതാകുമോ കാര്യം?
അകന്നേ നില്ക്കുന്നേര -
മെന്തിനു നീയെൻ നേരെ
ചന്ദ്രയാനത്തിൻ കുത്തു -
വാക്കുകളെറിയുന്നു?
എൻ മനം കിള്ളിക്കുഴി-
ച്ചെടുക്കും പൊടികളിൽ
നിനക്കു കാണാനാകുമോ ?
പ്രണയ മരീചികൾ!
ഞാനെന്നുമകലത്തിൽ
നിന്നെയും പ്രണയിച്ചു
സഞ്ചരിച്ചോളാം, നിത്യ-
കാമുകൻ, വെറും ചന്ദ്രൻ!
സാമീപ്യം പ്രണയത്തി-
നന്ത്യമായിടാം, നമു-
ക്കെന്നെന്നും വിദൂരത്തിൽ
പ്രണയം നിലനിർത്താം !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ