2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച

 

തർക്കം
ബാലകൃഷ്ണൻ മൊകേരി
(എല്ലാ ചാനൽതർക്കികൾക്കുമായി സമർപ്പിക്കുന്നു)
തർക്കമായിരുന്നു.
ഉദ്ധരണികളും സൂത്രവാക്യങ്ങളും
അഗ്നിപർവ്വതത്തിൽനിന്ന്
തീത്തുള്ളികളെന്നപോലെയും
കരിമ്പുകപോലെയും
ചുറ്റിലും വ്യാപിക്കയായിരുന്നു
കടുകിട വിട്ടുതരാതെ അവനും,
അണുവിട വിടാതെ ഞാനും
തർക്കിക്കയായിരുന്നു
ചരിത്രപുസ്തകങ്ങളും
മതഗ്രന്ഥങ്ങളും
തത്ത്വശാസ്ത്രപുസ്തകങ്ങളും
പരസ്പരം പറിച്ചെറിഞ്ഞ്
ഞങ്ങൾ തർക്കിക്കയായിരുന്നു
കുറച്ചുനേരം ഞങ്ങളെ കേട്ടുനിന്ന്
പണിയിടത്തെത്താൻ വൈകിയവർ
ശപിച്ചുകൊണ്ട് പാഞ്ഞുപോയി
പുതിയവർ വരികയും
പോവുകയും ചെയ്തുകൊണ്ടേയിരുന്നു
സ്വന്തമാശയങ്ങൾ
പറഞ്ഞുറപ്പിക്കാനുള്ള തിരക്കിൽ
ഞങ്ങൾ പശിയടക്കാനും മറന്നിരുന്നു
കാലങ്ങളോളം തർക്കിച്ച്
പരസ്പരം വിട്ടുകൊടുക്കാതെ
തർക്കിച്ചുകൊണ്ടേയിരുന്ന ഞങ്ങൾക്ക്
വേരിറങ്ങിയെങ്കിലും
ശാഖകൾ പടർന്നുവെങ്കിലും
ഞങ്ങൾ തർക്കിച്ചുകൊണ്ടേയിരുന്നു
ഒരിക്കൽ കണ്ണുതുറന്നപ്പോൾ
ഞങ്ങൾ റോമിലെ
കൊളോസിയത്തിലായിരുന്നു
കടലകൊറിച്ചുകൊണ്ട് കാണികൾ
കൊല്ലുകൊല്ലെന്നാക്രോശിച്ചിരുന്നു
പിന്നെഞങ്ങൾസ്പെയിനിലെ
കാളപ്പോർനിലത്തും
നാടൻപാട്ടിലെ
പോർനിലങ്ങളിലുമായിരുന്നു
ഞങ്ങളപ്പോഴും തർക്കിക്കയായിരുന്നു
പെട്ടെന്ന് വെളിച്ചം പോയപ്പോഴാണ്,
മ്യൂസിയം അടച്ചുപൂട്ടി
കാവൽക്കാരൻ
തദ്ദിനവരവെണ്ണി
മുതലാളിക്ക് തിട്ടപ്പെടുത്തുമ്പോഴാണ്,
എന്തോ ഒരു വല്ലായ്മ
ഞങ്ങളെ വന്നുമൂടിയത്.
പക്ഷേ, ഞങ്ങളപ്പോൾ,
ഫാസിസ്റ്റു മ്യൂസിയത്തിലെ
രണ്ടു പുരാവസ്തുക്കൾ മാത്രമായിരുന്നു
എന്താണ് സംഭവിച്ചതെന്ന്
മനസ്സിലാകുന്നില്ലെന്ന്
അവനെന്നോടും
ഞാനവനോടും
പറഞ്ഞുകൊണ്ടേയിരുന്നു
**********************************
All reactions:
അനൂപ് കൃഷ്ണൻ, Raveendran Ak and 47 others


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ