2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച

 

ഒരു പ്രണയകഥ
||ബാലകൃഷ്ണൻ മൊകേരി||
കുന്നിന്റെ മുകൾത്തട്ടിൽ
വളർന്നുവന്നൂ മരം,
താഴത്തു,താഴ് വാരത്തി-
ന്നിരുട്ടിൽ ഒരു കാറ്റും !
എപ്പോഴും നേരംനോക്കാ-
തോടിയെത്തീടും കാറ്റിൻ
കുരുത്തക്കേടെപ്പോഴും
മരത്തെ നോവിപ്പിക്കും !
കരയാനൊരുങ്ങുമ്പോൾ ,
കാറ്റെത്തി,കെട്ടിപ്പിടി-
ച്ചായിരം സമാശ്വാസ
വാക്കിനാൽ ശമിപ്പിക്കും !
മരത്തിന്നോരോരില-
ഞരമ്പും,കലകളും
കാറ്റിന്റെ സാമീപ്യത്തെ
നിർഭരമാഘോഷിച്ചു!
2
നോക്കിയാലെങ്ങും കാൺമീ-
ലവനാ നാടിൻ നാനാ-
മൂലകൾ സന്ദർശിക്കും
രഹസ്യംപേറിപ്പോരും !
ചിലപ്പോൾ , മരത്തോടു
ചേർന്നിരുന്നോതും,അവൾ
ശ്രവിക്കാൻ കൊതിക്കുന്ന
പ്രണയരഹസ്യങ്ങൾ !
ഒറ്റനില്പിലേ നിന്നി-
ട്ടവളാക്കഥകളിൽ
കോൾമയിർക്കൊള്ളും,പൂവാ-
ലവനെയെറിഞ്ഞിടും !
3
എപ്പോഴും കൂടെച്ചെല്ലാൻ
പറയും കാറ്റെന്നാലും,
വീടുവിട്ടിറങ്ങുവാൻ
മരമങ്ങൊരുങ്ങീല !
ഇവിടം വിട്ടാലില്ലെൻ
ജീവിത,മെന്നാമരം
കാറ്റിനോടോതും,ദേഷ്യം
വന്നവനോടിപ്പോവും !
അപ്പോഴും നോവിപ്പിച്ചാ-
ണവന്റെ പോക്കെന്നാലും,
മരമാക്കുസൃതിയെ
കാത്തു,കാത്തിരുന്നീടും !
4
സ്നേഹമില്ലെന്നോ,ടെല്ലാം
നാട്യമാ,ണൊപ്പം വരാൻ
നീമടികാട്ടു,ന്നെന്നാം
കാറ്റിന്റെ മുള്വാക്കുകൾ !
സ്നേഹത്തെ,കലർപ്പറ്റ
സ്നേഹമായ്ക്കാണാൻ,നിന-
ക്കാവുകില്ലെന്നോ ? തൊണ്ട-
യിടറിച്ചോദിച്ചവൾ
നീ വെറും സ്വാർത്ഥൻ, സ്നേഹം
സ്വാർത്ഥമാകുമോ ? സ്വാന്തം
തമസ്സാൽ നിറഞ്ഞുവോ ?
കാറ്റൊന്നു പിടഞ്ഞുപോയ് !
ഞാനൊരു മരം, ഞാനീ
തറവിട്ടിറങ്ങില്ല,
നിന്റെ കാര്യമോ ?നില്ക്കാ-
തുഴറിനടപ്പവൻ !
എന്നെ ഞാനായും, നിന്നെ
നീയായും കാണാതുള്ള
പ്രണയം വെറും സ്വാർത്ഥ-
ചിന്തയായ് മുടിഞ്ഞുപോം
5
മരത്തിൻ ദൃഢമായ
വാക്കുകൾ ശ്രവിക്കവേ,
കാറ്റിന്റെയുള്ളിൽ,ക്കോപ-
താപങ്ങളുരുള്പൊട്ടി !
മരത്തിൻ മുടിചുറ്റി-
പ്പിടിച്ചു,തന്നോടൊപ്പം
കൊണ്ടുപോകുവാനവ-
നന്ധമായ് ശ്രമിച്ചപ്പോൾ ,
മരത്തിൻ പ്രതിരോധ-
മൊക്കെയും വേരറ്റുപോയ്,
കുന്നിന്റെ ചരിവിലൂ-
ടൂർന്നുവീണുപോയവൾ !
6
മരത്തിന് ജഡംമാത്ര-
മാണു തൻകൂടെപ്പോന്ന-
തെന്നറിഞ്ഞപ്പോള് കാറ്റ്
കൊടും ഭ്രാന്തനായ്ത്തീര്ന്നൂ !
ഇപ്പോഴുമിടയ്ക്കെല്ലാം
കേൾക്കുമാറുണ്ടാ കാറ്റിൻ
അട്ടഹാസവും,നോവിൻ
വൈരവും, താഴ് വാരത്തിൽ !
⚫

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ