2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച

 

റാമെന്ന നടീൽ വസ്തുവിനെപ്പറ്റി
ഒരാഖ്യാനം
ബാലകൃഷ്ണൻ മൊകേരി
ആശ്രമസ്ഥലി പുഷ്പസമൃദ്ധമാക്കണമെന്ന് ഗുരു നിർദ്ദേശിച്ചവാറെ, ശിഷ്യന്മാർ അതിനുള്ള പണിതുടങ്ങി. ഗുരുവാകട്ടെ, ആശ്രമപരിസരത്തുള്ള ഒരു കൃഷ്ണശിലമേലെ വജ്രാസനത്തിൽ ഉപവിഷ്ടനായി.
പലതരം പൂച്ചെടികളുടെ വിത്തുകള് എത്തിച്ചേർന്നു.അതിനൊപ്പം നടാനായി വിവിധതരം ചെടികളുടെ കമ്പുകളും വന്നുചേർന്നു.മണ്ണൊരുക്കി വിത്തുകള്നട്ടശേഷം, കമ്പുകളുടെ ഊഴമായി.ഇലകളൊക്കെ അടർത്തിമാറ്റി, മേലെയും കീഴെയുംമുറിച്ചുകളഞ്ഞ കമ്പുകള് ഏതുചെടിയുടെയാണെന്നറിയാൻ പ്രയാസമായിരുന്നു.അതറിഞ്ഞാൽ കണ്ടറിഞ്ഞ് നടാമായിരുന്നുവെന്ന് ശിഷ്യഗണത്തിലൊരു ചർച്ചവന്നു.അതിൻപ്രകാരം, മുഖ്യശിഷ്യൻ സംശയാത്മനായി ഗുരുസന്നിധിപൂകി.
“ഗുരോ, പറഞ്ഞാലും”,ശിഷ്യൻ അപേക്ഷിച്ചു. “നടാൻതന്ന വിത്തുകളെല്ലാം നട്ടുകഴിഞ്ഞു.ഇനിയുള്ളത് കമ്പുകളാണ്.വാലുംതലയും ഇലകളുമില്ലാത്ത ആ കമ്പുകള് ഏതുചെടിയുടെയാണെന്ന് അറിയാൻകഴിയുന്നില്ലല്ലോ.അതറിയാതെ നടാനാവുമോ ?”
ഗുരു മിഴിതുറന്നു.ആ ചൊടികളിലൊരു പുഞ്ചിരി വിരിഞ്ഞു !.
ഗുരു പറഞ്ഞു:- “വിത്തുനടുമ്പോഴ്, അത് വളർന്നുവലുതാവുമ്പോഴുള്ള ചിത്രം കർഷകന് മനസ്സിൽ തെളിയുംഎന്നാൽ നഗ്നമാക്കപ്പെട്ട ശിഖരഖണ്ഡം കാണുമ്പോളതു തിരിച്ചറിയാൻ കഴിയണമെന്നില്ല.കമ്പുകള് മണ്ണിലൂന്നിക്കഴിഞ്ഞാൽ, ഇരുതലയും വേഗം വളർന്ന് വലിയൊരുൺമയായിമാറിക്കഴിയുമ്പോഴാണ്, ആളുകളുടെ ചിന്തയിലത് തീപടർത്തുക .നട്ടതൊരു വിഷവൃക്ഷമാണെങ്കിൽ, ആ നാടുതന്നെ നശിക്കുകയാണുണ്ടാവുക.”
“മനസ്സിലായില്ല ഗുരോ”, ശിഷ്യൻ അമ്പരപ്പോടെ ഗുരുവിനെ നോക്കി. “അവിടുന്ന് വിശദീകരിച്ചാലും !”
തന്റെ നീണ്ട താടിരോമങ്ങളിലൂടെ വിരലോടിച്ചുകൊണ്ട് ഗുരു ഇപ്രകാരം പറഞ്ഞു :-
“ഇപ്പോ നടുന്നത് റാമെന്ന നടുക്കമ്പായിരിക്കും.പക്ഷേ, അചിരേണ അതിന്റെ ഇരുഭാഗങ്ങളിലും വളർച്ചയുണ്ടായി, അത്, ആളുകളുടെ ചിന്തയ്ക്കപ്പുറത്തുള്ള ഒരു വിഷവൃക്ഷമായിവളരുകയും, സകല ജീവജാലങ്ങളുടേയും, വൈവിദ്ധ്യങ്ങളുടേയും വിനാശകാരിയായിത്തീരുകയും ചെയ്യും !.അതിനാൽ,എപ്പോഴും ജാഗ്രതയൊടിരിക്കയാണ് കരണീയം.നിങ്ങള്ക്ക് നടാനായെത്തിച്ചകമ്പുകളൊന്നും അത്തരം അവസ്ഥാവിപര്യയത്തിലേക്കത്തുന്നവയല്ല..അതിനാൽ, അവയൊക്കെ വേഗം നടാനുള്ള ഏർപ്പാടുകള് ചെയ്തോളൂ”.
ഇത്രയും പറഞ്ഞശേഷം ഗുരു വീണ്ടും ധ്യാനത്തിലമരുകയും,ഗുരുപറഞ്ഞതൊന്നും തനിക്ക് മനസ്സിലായില്ലെങ്കിലും, ശിഷ്യൻ,ചെടിക്കമ്പുകള് നടാനുള്ള ഉദ്യമത്തിലേക്ക് തിരികെപ്പോവുകയുംചെയ്തു !.
All reactions:
Rajan C H Chalil, Raveendran Ak and 20 others
7
Like
Comment
Share


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ