2021, മേയ് 1, ശനിയാഴ്‌ച

 (ഖലീൽ ജിബ്രാന്റെ FEARഎന്ന കവിതയുടെ

സ്വതന്ത്രമായ മൊഴിമാറ്റം)
അഴിമുഖം
    കടലിലണയുന്നനേരത്ത്,നദിയേതോ
പേടിയാൽ വിറയ്ക്കുമെന്നഭിജ്ഞര് പറയുന്നൂ!
അന്നേരം, സഞ്ചാരത്തിൻ തീവ്രകാമനതന്നിൽ
മിന്നിച്ച വഴിയെല്ലാം മനസ്സിൽ തെളിഞ്ഞിടും
താനന്നുകുതിച്ചതാം വക്രപാതകള്,ഗ്രാമ-
വനപാതകള്,മലനിരകളെല്ലാമെല്ലാം!
മുന്നിലായിപ്പോള് പരന്നിളകും കടൽമാത്രം,
ചെന്നതിലിറങ്ങിയാൽ,വിലയിച്ചൊടുങ്ങിപ്പോം!
പുഴകള്ക്കൊരിക്കലും തിരികെയൊഴുകുവാൻ
വഴിയില്ലല്ലോ,നിന്നു കുഴയാമെന്നല്ലാതെ...
ഇപ്രപഞ്ചത്തിൽ,വന്നവഴിയേ മടങ്ങുക
ക്ഷിപ്രമല്ലാര്ക്കും,അതീ,ജീവിതമഹാസത്യം!
കടലിലിറങ്ങുകയെന്നതേ വഴിയുള്ളൂ
പേടിമാറുവാൻ,സ്വാന്തം കരുത്തായിരിക്കുവാൻ!
കടലിലലിയുന്ന പുഴകള്,അതിൽലയി-
ച്ചൊടുങ്ങിത്തീരുന്നതല്ലെന്നൊരു നിനവിനാൽ,
കടലിൽ ലയിക്കുമ്പോള് കടലാവുന്നൂ താനെ-
ന്നൊടുവിൽ ഗ്രഹിക്കുന്നൂ,നിത്യനൂതനജ്ഞാനം!
...........................................................
-ബാലകൃഷ്ണൻ മൊകേരി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ