2021, മേയ് 23, ഞായറാഴ്‌ച

 

ചൂണ്ട
( ഒരു ബാല്യ സ്മരണ )
ബാലകൃഷ്ണൻ മൊകേരി
ആകാശം മഴയിൽ നന്നായ്
കുളിച്ചു,കുളിര്കോരവേ,
ആറാനിട്ട വെയിലിന്റെ
തുമ്പിനാൽ തോര്ത്തിനില്ക്കവേ,
രമേശനും ഞാനും ചേര്ന്ന്
ചൂണ്ടയെടുത്തിറങ്ങിടും !
(മനസ്സിൽ പുഴമത്സ്യങ്ങള്
പുളയ്ക്കും ദൃശ്യഭംഗികള് !)
മുണ്ടകൻപാടമന്നേരം
പാട്ടുപാടിരസിക്കയാം,
മീനത്തിൻ വേവിനാലന്ന്
വെള്ളമറ്റൊരു തോടിതാ,
നിറയെ ചളിവെള്ളത്തിൽ
പുളയ്ക്കും കാഴ്ച സുന്ദരം!
തഴക്കൈതക്കുണ്ടപറ്റി
ഞങ്ങളെത്തുന്നു,ചൂണ്ടയിൽ
ഇരകോര്ത്ത്,തോട്ടിലേക്കിട്ട്
കാത്തുനില്ക്കുന്നു നിശ്ചലം!
പിന്നിൽ നടവരമ്പത്തൂ-
ടാളുകള് പോയി ചന്തയിൽ
അരിയും മീനും വാങ്ങി-
ത്തിരികെപ്പോകയാണവര്,
കിട്ടിയോതോനെ മീനെന്ന്
ചോദിക്കുന്നുണ്ടതിൽച്ചിലര്,
കേട്ടില്ലെന്നു നടിക്കുന്നൂ,
ഞങ്ങള് ചമ്മിയിരിക്കയായ്!
ചൂണ്ടമെല്ലയുയര്ത്തുമ്പോ-
ളൊന്നുമില്ലതിൽ,നഗ്നമായ്
നാണംപൂണ്ടു ചിരിക്കുന്നൂ
ചൂണ്ട,ഞങ്ങളുമാവിധം!
കൈയിൽ നനവുതട്ടാതെ
മീൻകോരിയെടുക്കുവാൻ
കഴിവില്ല ഞങ്ങള്ക്കെന്നു
ബോധ്യമായതുനേട്ടമായ്.
ക്ഷമയും നേടുവാനായീ
ചൂണ്ടയാൽത്തന്നെയെന്നതും
നന്ദിയോടെ സ്മരിക്കുന്നൂ
ഗുരുതന്നെയനുഭവം!
...................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ