2021, മേയ് 30, ഞായറാഴ്‌ച

 

കാമധേനു
ബാലകൃഷ്ണൻ മൊകേരി
പശുവിനെ വെറുമൊരു വളര്ത്തുമൃഗമായല്ലാതെ കണ്ടിരുന്നില്ല. അതിനെപ്പറ്റി പലകോണുകളിൽനിന്നുമുയരുന്ന പലതരം അന്ധവിശ്വാസങ്ങളെപ്പറ്റി ചിന്തിക്കാറുപോലു മില്ലായിരുന്നു.എന്നാൽ, അനുഭവംവന്നപ്പോഴാണ്,അതൊരു വെറും മൃഗമല്ല,സാക്ഷാൽ കാമധേനുതന്നെയാണെന്നു മനസ്സിലായത്! ഒരുപശുവിനെവളര്ത്തിയാൽ,പച്ചക്കറിക്കൃഷിയെല്ലാംഭംഗിയായിനടക്കുമെന്ന്പറഞ്ഞുതന്നത്,മുകുന്ദൻമാഷാണ്.സങ്കരഇനങ്ങളൊന്നും നമുക്കു കൊണ്ടുനടക്കുവാനാവില്ലെന്നും,ഒരു നാടൻ പശുവിനെ മതിയെന്നും സഹധര്മ്മിണി പറഞ്ഞു.അങ്ങനെയാണ് ഞാനൊരു കാസര്ക്കോടൻ കുള്ളൻ ഇനത്തിൽപെട്ട പശുവിനെ വാങ്ങിയത്. വലിയ തുകയൊക്കെയായി. എന്നാലും കറുപ്പിൽ വെളുത്ത പുള്ളികളുള്ള ചെറിയൊരു പശു.കൂടെ അതിന്റെ രണ്ടാഴ്ചപ്രായമായ കുഞ്ഞുമോളും.
പശു വീട്ടിലത്തിയതോടെയാണ് കാര്യങ്ങള് മാറിമറിഞ്ഞത്.കേട്ടറിഞ്ഞ്,ആളുകള് പാലിനന്വേഷിച്ചു വരാൻ തുടങ്ങി.അതിന്റെ പാലിന് ഔഷധഗുണമുണ്ടത്രേ! വീട്ടാവശ്യംകഴിഞ്ഞ് ബാക്കിയായ പാല്, അങ്ങനെ വില്പ്നനടത്താൻ തുടങ്ങി. സങ്കരഇനംപോലെ പാല് ഒരുപാടൊന്നുമില്ലായിരുന്നു. എന്നാലും രാവിലേയും,വൈകീട്ടുമായി കഷ്ടിച്ചൊരാറുലിറ്റര് കിട്ടും അത്രതന്നെ. എങ്കിലും കാര്യങ്ങള് ഭംഗിയായി നടന്നു.
അടുത്തദിവസം രാവിലെ ഒരാള് വീട്ടിലെത്തി.കുറച്ചു ദൂരെനിന്നാണ്. പേര് മാധവൻനായര്. മൂപ്പര്ക്കാവശ്യം പാലായിരുന്നില്ല. ഗോമൂത്രമായിരുന്നു. പച്ചക്കറിക്കൃഷി നടത്തുന്നുണ്ടോയെന്നു ചോദിച്ചപ്പോള് അയാള് പറഞ്ഞു, കൃഷിയാവശ്യത്തിനല്ല. ഏതോ അസുഖത്തിന് മരുന്നായി ഗോമൂത്രം ഉപയോഗിക്കണമത്രേ. സങ്കരഇനം പശുക്കളുടെ മൂത്രം പോര,നല്ല നാടൻ ഇനങ്ങളുടെതന്നെ വേണം.മുകുന്ദൻമാഷ് പറഞ്ഞറിഞ്ഞുവന്നതാണ്.
ഇതുവരെ ഗോമൂത്രം പ്രത്യകം ശേഖരിക്കാറില്ല, നാളെ എടുത്തുവെക്കാം-ഞാൻ പറഞ്ഞു. അതുമതി അയാളെഴുന്നേറ്റു. എന്തുവിലയാകും ? അയാള്ചോദിച്ചപ്പോള് ഞാനൊന്നു ഞെട്ടി. അയാള് പറഞ്ഞു- അഞ്ഞൂറുമില്ലിയുടെ ഒരു കപ്പിക്ക് അമ്പതുരൂപയായാണ് ഞാനിതുവരെ പോയി വാങ്ങിയിരുന്നത്.അതുതന്നെ മതിയാവില്ലേ? ഞാൻ യാന്ത്രികമായി തലയാട്ടി. രാവിലെ വരാമെന്നുപറഞ്ഞ് അയാള് പോയി.
അന്നുതന്നെ പശുവിന്റെ പിന്നിലായി ഒരു ബക്കറ്റുസ്ഥാപിച്ചു. രാവിലത്തെ മൂത്രമാണ് ഏറെ ഗുണമുള്ളതെന്ന് അയാള് പറഞ്ഞിരുന്നു. രാവിലെ കറവനടത്താൻ പോയപ്പോള് ,മൂപ്പത്തി ബക്കറ്റിന്റെ പകുതിയോളം നിറച്ചിരിക്കുന്നു.രണ്ടുമൂന്നു ലിറ്ററുണ്ടാകും.അതെടുത്തുമാറ്റിവെച്ചു.മാധവൻനായര് രാവിലെതന്നെ വന്നു,പൈസതന്ന് മൂത്രവുംകൊണ്ടുപോയി. പിറ്റേന്നാവുമ്പോഴേക്കും, ആവശ്യക്കാര്കൂടി. മൂന്നുലിറ്ററും അപ്പോത്തന്നെ തീര്ന്നു.കുറച്ചുകഴിഞ്ഞപ്പോഴെത്തിയ രണ്ടുമൂന്നുപേര് കിട്ടാതെ മടങ്ങുകയാണുണ്ടായത്.
ഏതോ സ്വാമിയുടെ വൈദ്യമാണത്രേ. അയാള് പറയുമ്പോലെ ചെയ്തവര്ക്കെല്ലാം അസുഖങ്ങള് ഭേദമാവുന്നുണ്ട്ത്രേ. ചാണകവും, അയാളുടെ ഒരൗഷധമാണുപോലും. ഇനിയിപ്പോ അതിനും ആളുകള്വന്നേക്കുമോ എന്നായിരുന്നു എന്റെ ചിന്ത. രാവിലത്തെ മനുഷ്യമൂത്രം പറ്റില്ലേ എന്നുചോദിച്ചു മകൻ. പക്ഷേ, രൂക്ഷഗന്ധം ഉണ്ടാവില്ലേ? അതിന്, അത് ഗോമൂത്രത്തിൽ കലര്ത്തിയാൽമതിയെന്ന് ഇളയമ്മ പറഞ്ഞു. മടിച്ചുമടിച്ചാണ് അങ്ങനെ ചെയ്തുനോക്കിയത്. ഞങ്ങളഞ്ചുപേരുടെ മൂത്രംവുംകൂടിയായപ്പോള് മൊത്തം അളവിൽ ഒരു രണ്ടരലിറ്റര് കൂടുതലായി. മനസ്സിൽ മടിയുണ്ടായിരുന്നു. പക്ഷേ, ബിസിനസ്സിൽ മാനുഷികവികാരങ്ങള്ക്കുസ്ഥാനമില്ലെന്ന കോമേഴ്സ്മാഷുടെ വചനങ്ങളോര്ത്തു.അങ്ങനെ ധൈര്യം സംഭരിച്ചു. അന്നത്തെ മൂത്രവും മുഴുവൻ വിറ്റുപോയി. ദിവസം കഴിയുന്തോറും ഗുണം കൂടുന്നുണ്ടെന്നായിരുന്നു ആളുകളുടെ അഭിപ്രായം!
വിചാരിച്ചപോലെ ചാണകത്തിനും ഡിമാന്റുവന്നു.തെങ്ങിനു് വളമിടാനല്ല, മരുന്നായി!അതും ഓരോ കിലോയുടെ പാക്കറ്റിലാക്കിവെച്ചു. അതും തീര്ന്നു. ഇനിയിപ്പോ എന്താ ചെയ്യ? എന്റെ പച്ചക്കറിക്കൃഷിക്ക് ചാണകം പുറത്തുനിന്ന് വാങ്ങേണ്ടിവരുമല്ലോ!വാങ്ങി. കുനിയിൽ മാണിയേടത്തിയുടെ വീട്ടിൽ രണ്ടു പശുക്കളുണ്ട്.ചാണകത്തിന് അവരെ ഏല്പിച്ചു.ചാണകം അവര് കുട്ടയിലാക്കി കൊണ്ടുവന്ന് വീടിന്റെ പിന്നിൽ കൂട്ടിയിട്ടു. ഇനിയൊന്ന് ചിക്കിയിട്ട് ഉണക്കണം.അങ്ങനെ വിചാരിച്ചുനില്ക്കുമ്പോഴാണ് മുൻവശത്തുനിന്ന് ആരോ വിളിച്ചത്. ഞാൻ വിളികേട്ടു.എന്റെ ഒച്ച വീടിന്റെ പിന്നിൽനിന്ന് കേട്ടതിനാലാകണം, അയാള് അങ്ങോട്ടുവന്നു.അത് അങ്ങാടിയിൽ കച്ചവടക്കാരനായ കുഞ്ഞാമേട്ടനായിരുന്നു. എന്താ കുഞ്ഞാമേട്ടാ ?
അതോ, എനിക്ക് കുറച്ച് ചാണകം വേണം,ഒരു മരുന്നിനാ.
അയ്യോ എല്ലാം തീര്ന്നുപോയല്ലോ!
അങ്ങനെ പറയരുത്. ഇൗകൂട്ടിയതിൽനിന്ന് കുറച്ചെടുത്തുതന്നാൽമതി.
അത്, പച്ചക്കറിക്കിടാനായി ഞാൻ മാണിയേടത്തിയോട് വാങ്ങിയതാ.
കുഞ്ഞാമേട്ടൻ കരുതിയത്, വീട്ടിലെ ചാണകം ഞാൻ ആര്ക്കോവേണ്ടി എടുത്തുവച്ചതാണതെന്നാണ്. ഞാനെത്രപറഞ്ഞിട്ടും അയാള് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. അയാള്ക്ക്,അതിൽനിന്ന് എടുത്തുകൊടുക്കേണ്ടിവന്നു!രണ്ടാഴ്ച വേണ്ടിവരും,പോകുംമുമ്പ് അയാള് പറഞ്ഞു.മാണിയേടത്തി എത്തിച്ച ചാണകവും രണ്ടുദിവസംകൊണ്ട് തീര്ന്നു. മാണിയേടത്തിയുടെ വീട്ടിൽപോയി, ചാണകവും മൂത്രവും സ്ഥിരമായി എന്റെ വീട്ടിലെത്തിക്കാൻ കരാറാക്കി. അവര്ക്കും സന്തോഷമായി.
നാട് പശുവിലും ചാണകത്തിലുമൊക്കെ മുങ്ങി പിന്നോട്ടുസഞ്ചരിക്കുകയാണെന്നു തോന്നുന്നു. വിദ്യാഭ്യാസം കൂടുന്തോറും ഇത്തരം അന്ധതകൂടുകയാണോ ? വിശ്വാസം എന്തായാലും നമുക്കു പണംകിട്ടിയാൽപോരേ?(ഇങ്ങനെയൊക്കെ ചെയ്യുമ്പോള് മന­ഃസാക്ഷിക്കുത്തുതോന്നുന്നുണ്ട്.,ഞാൻ അതിലൊന്നും വിശ്വസിക്കുന്നില്ലെങ്കിലും ഗണം എനിക്കുതന്നെയല്ലേ !)ഇവിടുന്ന് കൊണ്ടുപോകുന്ന ഗോമൂത്രത്തിനും ചാണകത്തിനും ഗുണമേറെയാണെന്നാണ് ആളുകള് പറയുന്നത്. ആവട്ടെ,നല്ലകാര്യം. ഇനി ബിസിനസ്സ് ഒന്നുകൂടി വിപുലീകരിക്കണം രണ്ടുമൂന്നു പശുക്കളെക്കൂടിവാങ്ങണം. ഉല്പന്നങ്ങള് ഭംഗിയായി പായ്ക്കുചെയ്ത്, ഓൺലൈനായി മാര്ക്കറ്റുചെയ്യണം.നാട്ടുകാര്ക്ക് പ്രതിഷേധമൊക്കെ ഉണ്ടായിരുന്നു. പക്ഷ, വാങ്ങാൻ വരുന്നവര്ക്ക് ഒരു മനസ്സിളക്കവുമുണ്ടായില്ലെന്നതാണ് സത്യം. ഞാനിപ്പോളാലോചിക്കുന്നത്, അങ്ങാടിയിലൊരു മൂത്രപ്പുരപണിത് പഞ്ചായത്തിന് സമര്പ്പിച്ചാലോന്നാണ്. നാട്ടുകാര്ക്കൊരുപകാരമാവും. അതോടൊപ്പം മൂത്രം രഹസ്യമായി ശേഖരിക്കാനൊരു ഏര്പ്പാടുണ്ടാക്കിയാൽ മതിയല്ലോ.റിസ്കാണ്. സാവധാനം ആലോചിച്ചുചെയ്യാം.
മണലാരണ്യത്തിൽ അഞ്ചാറുവര്ഷം കഷ്ടപ്പെട്ടുണ്ടാക്കിയതിന്റെ എത്രയോ ഇരട്ടിയാണ്,ഇക്കഴിഞ്ഞ ഒന്നരവര്ഷംകൊണ്ട് എന്റെ സമ്പാദ്യം ! ഇതുതന്നെയാണ് ഞാൻ പറഞ്ഞത്, പശു, വെറുമൊരു മൃഗമല്ല ,സാക്ഷാൽ കാമധേനുതന്നെയാണെന്ന്!
.....................................................................................................................


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ