2021, മേയ് 21, വെള്ളിയാഴ്‌ച

 കൊതുക്

ബാലകൃഷ്ണൻ മൊകേരി
ഉമ്മറത്തെ,
ഈർപ്പമുള്ള ഇരുട്ടിൽ നിന്ന്
പാട്ടുണർത്തിയെത്തിയ കൊതുക്,
ഏറെ നേരം
എൻ്റെ ഏകാഗ്രതയിൽ
നായ്ക്കുരണപ്പൊടി വിതറി.
പിന്നെയത് രാമായണത്തിൻ്റെ
തുറന്ന പേജിൽ വിശ്രമിച്ചു,
ഗാന്ധി സാഹിത്യം
രുചിച്ചു നോക്കി,
ഞാൻ വായിച്ചു കൊണ്ടിരുന്ന
സമകാലിക കവിതയുടെ
വരികൾക്കിടയിൽ
മത്തുപിടിച്ച പോലെ ചുവടുവെച്ചു!
പിന്നെ വായുവിലുയർന്ന്,
എൻ്റെ കൈത്തണ്ടയിലേക്ക്
ഊളിയിട്ടിറങ്ങി,
കൊതുകിന് എപ്പോഴും
ചോരയിൽ തന്നെ കൊതിയെന്ന്
ആർക്കാണറിയാത്തത്?
ഞാനതിനെ എൻ്റെ പേന കൊണ്ട്
അടിച്ചു കൊന്നുകളഞ്ഞു!
.....................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ