2021, മേയ് 6, വ്യാഴാഴ്‌ച

 

ദേവീസ്തവം

ബാലകൃഷ്ണൻ മൊകേരി


കുറുപ്പുമാഷിന്റെ ഉമ്മറച്ചുമരിൽ

പുലിപ്പുറത്തു് വശംതിരിഞ്ഞിരിക്കുന്ന

ശിവകാശി ദേവീരൂപം

ആവേശംകൊള്ളിച്ചിരുന്നു!

വരയ്ക്കാനൊരുങ്ങിയപ്പോഴാണ്

അനുപാതമില്ലായ്മ വശംകെടുത്തിയത്.

പിന്നെ,

ചിത്രംവരതന്നെയുപേക്ഷിച്ച്

തോറ്റുമടങ്ങിയതാണ്!

എങ്കിലുമിടയ്ക്കെല്ലാം,

ദേവിയുടെ പതിനാറുകൈകള്‍

സ്വപ്നത്തിൽ കലഹിച്ചു.

ബോധമനസ്സ്

വ്യാഖ്യാനങ്ങളിൽ മയങ്ങി.

എങ്കിലുമോര്‍ക്കാപ്പുറത്ത്

ചിന്തകള്‍ ഉരുള്‍പൊട്ടി

സ്വാസ്ഥ്യം പോയി!

അങ്ങനെ പോകെ,

അമ്മിണിറ്റീച്ചര്‍ പ്രത്യക്ഷയായി!

ഒരു കൈയിൽ മൂത്തകുഞ്ഞിനെ

ചേര്‍ത്തുപിടിച്ച് ,

മറ്റൊന്നിൽ ഇളയതിനെ

മാറിൽചേര്‍ത്ത് താളത്തിലുറക്കി,

വേറൊരുകൈയിൽ

ഉത്തരക്കടലാസ് കെട്ടുപേറി,

ഒന്നിൽ മുറ്റം തുക്കുന്ന ചൂലുപിടിച്ച്,

അടുത്തതിൽ മോറിയ പാത്രം,

വേറൊന്നിൽ വിഴുപ്പുഭാണ്ഡം

താങ്ങിപ്പിടിച്ച്,

അങ്ങനെയങ്ങനെ....

എന്റെ തുറന്നുവരുന്ന കണ്ണിലേക്ക്

പതിനാറുകൈകളുള്ള

വിശ്വരൂപം തെളിഞ്ഞുവന്നു!

പക്ഷേ, അവര്‍ക്ക്,

ഒരു മുഖം മാത്രം!

ആ മുഖം നിറയെ

ചുരന്നുപരക്കുന്ന

വാത്സല്യപ്പുഞ്ചിരി മാത്രം!

മനസ്സുനിറഞ്ഞ ഞാൻ,

മതിമറന്ന്, മനംമറന്ന്

വാഴ്ത്തുപാട്ടുകള്‍ പാടി!

എന്നിട്ടും,

തോറ്റംപാടുന്ന എന്റെ കഴുത്തിലേക്കാണല്ലോ

ദേവിയുടെ കരവാള്‍,

തികഞ്ഞ വാത്സല്യത്തോടെ

നീണ്ടുവരുന്നത് !

.............................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ