2023, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

 

കമ്പികെട്ടിയ മാവ്
ബാലകൃഷ്ണൻ മൊകേരി
എൻ്റെവളപ്പിൽ, പിതാമഹരെപ്പോഴോ
മാങ്ങയശി,ച്ചങ്ങെറിഞ്ഞതാം വിത്തുകൾ
മാവായ് കിളിർത്തു,മരം വളർന്നങ്ങനെ
എന്നയൽക്കാരൻ്റെ വീട്ടിനു ചായവേ,
വർഷമെത്തുമ്പോ,ളതിൻ്റെ പിന്നാലെവ-
ന്നെത്തും ചുഴലി പിടിച്ചങ്ങുലയ്ക്കയായ് !
ആധിയോടെത്തി,യയൽവാസിയെന്നോടു
ഭീതിയകറ്റാൻ വഴിതേടിനില്ക്കവേ,
മാമ്പഴമോഹം മുറിച്ചുമാറ്റീടാതെ
കെട്ടിയകറ്റുവാൻ മാർഗ്ഗംതിരഞ്ഞു ഞാൻ !
കണ്ണിയറ്റുള്ള പഴയചെരിപ്പുകൾ ,
മാന്തടിചേർത്തങ്ങുചുറ്റിലുംവെച്ച,തിൽ
കമ്പിയാൽ കെട്ടി, വലിച്ചങ്ങുമാറ്റുവാൻ
ആളെയൊരുക്കിഞാൻ, ചായ് വുനീർത്താരവർ !
എന്തൊരഴകാണു,കാണുവാൻ നെക്ലേസു-
പോലെയുണ്ടെന്നെൻ്റെ മാവിനോടോതിഞാൻ !
( നോവിൻ്റെ വേദനയൊപ്പിയെടുക്കുവാ-
നാശ്വസിപ്പിക്കുന്ന വാക്കുകളെങ്ങുപോയ് ?
ഉള്ളിലെത്തേങ്ങലൊളിക്കുവാനാവുന്ന
വാക്കുകൾ കാണുമോ നമ്മുടെ ഭാഷയിൽ ? )
മാമ്പഴക്കാലം ചിലതുകഴിയവേ,
കമ്പിയും മാവുമെന്തായെന്നു നോക്കിഞാൻ
ബന്ധനം സ്വന്തംതടിയിൽ ലയിപ്പിച്ചു
കൂസലില്ലായ്മയണിഞ്ഞുനില്ക്കുന്നവൾ!
ഏതു നിയന്ത്രണമാമടിമത്തവും
ചേലെന്നു സ്വന്തമുയിരോടുചേർക്കുന്ന
മാനവർ പോലെയോ മാവും മരങ്ങളും,
പാരതന്ത്ര്യത്തിൻ്റെ പാഴ്ക്കുഴലൂത്തുകാർ !
ചുമ്മതാതെയോർത്തുഞാ,നെൻ്റെ കഴുത്തിലു-
മുണ്ടോ തുടരിൻ നിയന്ത്രണപ്പാടുകൾ ?
*****************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ