2023, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

 

സ്വാതന്ത്ര്യദിനം
ബാലകൃഷ്ണൻ മൊകേരി
സ്വാതന്ത്ര്യദിനമാണ്
നൂറ്റെട്ടുവയസ്സായ എരോമൻമാഷ്
കവലയിലെ ന്യൂജൻ കലാസമിതിവക
സ്വാതന്ത്ര്യദിനാഘോഷത്തിന്
സന്തോഷത്തോടെ പോക്വാണ്
ഉപ്പുകുറുക്കാൻ
പണ്ട് പയ്യന്നൂരിലേക്കുപോയആവേശം
കൂടെനടക്കുന്നു
പതാക ഉയർത്തണം,പ്രഭാഷണം വേണം
ഭാരവാഹികളുടെ നിർബ്ബന്ധമാണ്
ഈയിടെയായി പുറത്തിറങ്ങൽ
വല്ലപ്പോഴുമാണെങ്കിലും
ഒരു സ്വാതന്ത്ര്യസമരഭടന്
ആഗസ്റ്റ് 15 മൃതസഞ്ജീവനിയാണല്ലോ!
പുതുപിള്ളാരുടെ കലാസമിതിയാണ്
ഒതിയാർക്കമുള്ളോരാണ്
അല്ലെങ്കിൽ
സ്വാതന്ത്ര്യദിനാഘോഷം
അജണ്ടയിൽ വരില്ലല്ലോ !
പഴയകാല മൂപ്പിലാന്മാരെപ്പോലെ
കുടുമവളർത്തിയോരാണ്,
കാതിൽ കടുക്കനിടുന്നോരാണ്,
താടിനീട്ടിവളർത്തിയോരാണ്
എടവലത്തെ കേളപ്പന്റെ ആടിനെപ്പോലെ
എപ്പോഴുമെപ്പോഴും
എന്തെങ്കിലും ചവച്ചോണ്ടിരിക്കുന്നവരാണ്
ഇറുകിയ ഉടുപ്പുമിട്ട്
ബൈക്കുപറപ്പിക്കുന്നോരാണ്
കൂടിയിരിക്കുമ്പോഴും
മിണ്ടാട്ടമില്ലത്തവരാണ്,
മൊബൈൽഫോണിനോടുമാത്രം
കളീംചിരീം നടത്തുന്നോരാണ്
പുതിയ പിള്ളേര്ക്കെല്ലാം
ഒരേ മുഖമാണ്
അവർക്കൊന്നും സാമൂഹ്യബോധമില്ലെന്ന്
ഉത്തരവാദിത്തമില്ലെന്ന്
ചിന്തിച്ചുപോയതേ പാപമാണ് !
എന്തുനല്ല പിള്ളേരാണ്,
ത്രിവർണ്ണക്കടലാസുകളും ബലൂണുകളുംകൊണ്ട്
കലാസമിതിക്കെട്ടിടം അലങ്കരിച്ചിട്ടുണ്ട്
മുന്നിൽപതാകഉയർത്താൻ കാലുനാട്ടീട്ടുണ്ട്
വേദിയിൽ മൈക്കും കസാരകളുമുണ്ട്
മത്സരത്തിൽ പങ്കെടുക്കാനായി
അസംഖ്യം കുഞ്ഞുപിള്ളാരെത്തീട്ടുണ്ട്
അപ്പുറത്തെ ചായ്പിൽ
പുകയുണ്ട്,മണമുണ്ട്
പായസം പാകമാവുന്നുണ്ട് !
മത്സരത്തിനെത്തിയ പിള്ളേർ
അക്ഷമരാവുന്നുണ്ട്
സിനിമാറ്റിക് ഡാൻസിന്നായി അവർക്ക്
ഇറുകിയവേഷമുണ്ട്
എന്നാലും ഈ പിള്ളേർ
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ട്
അതിലൊരു പ്രതീക്ഷയുണ്ട്
എരോമൻമാഷിന്റെ മനസ്സിൽ
ക്വിറ്റിന്ത്യാക്കാലമുദ്രാവാക്യങ്ങൾ
ജീവൻവയ്ക്കുന്നുണ്ട്!
ഒമ്പതുമണിക്ക് പതാകയുയർത്തുമ്പോൾ
ഗാന്ധിജിയെക്കണ്ട അതേ ആവേശം
എരോമൻമാഷുടെ മെയ്യിലാകെ
പടരുന്നുമുണ്ട്
പ്രസംഗവേദിയിൽ
യുവത്വം മാഷിൽ കത്തിപ്പടരുകയായിരുന്നു!
സമരദിനങ്ങളെപ്പറ്റി, രക്തസാക്ഷികളെപ്പറ്റി
ദേശാഭിമാനത്തെപ്പറ്റി
എരോമൻമാഷ് ഇടറാതെ പറയുമ്പോള്,
കൊടിമരച്ചോട്ടിൽ
സെൽഫിയെടുക്കുന്ന ബഹളമായിരുന്നു
നോക്കൂ പിള്ളേർക്കല്ലാം
ദേശീയപതാകയോടെന്തു ബഹുമാനമാണെന്ന്
നിരൂപിച്ചനേരം
സമിതിയുടെ കാര്യദർശിവന്ന്
നിർത്താൻ പറയുന്നു ചെവിയിൽ.
മത്സരപരിപാടിയാണ് മുഖ്യമെന്നും
സമയം വൈകിയാൽ കുഴപ്പമാവുമെന്നും
പായസം കാലമായെന്നും,
മധുരംപറ്റുമെങ്കിൽ
ഒരുകപ്പു പായസംകുടിച്ചിട്ട് പോകാമെന്നും
എരോമൻമാഷിന്റെ വായടഞ്ഞുപോകുന്നു
പായസംവേണ്ടെന്നു തിരിച്ചുപോകുമ്പോൾ
ഗാന്ധിവധം നടന്നതറിഞ്ഞ
ദിവസത്തിലെന്നപോലെ
ഒരു തളർച്ചവന്ന്
എരോമൻമാഷെ ചുറ്റിപ്പിടിക്കുകയായിരുന്നു.
അപ്പോള് സമിതിയുടെ വേദിയിൽ
സിനിമാറ്റിക് ഡാൻസ് തിരയിളക്കുകയായിരുന്നു!
*********************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ