2020, ജൂലൈ 12, ഞായറാഴ്‌ച

ഫോണ്‍ കോളുകള്‍
------ബാലകൃഷ്ണൻ മൊകേരി
ഈയിടെയെൻെറ ഫോണിൽ
ബെല്ലടിക്കുമ്പോള്‍
പേടിയാണെനിക്ക് !
ഒരു വിറയൽ കാലിന്നടിയിൽനിന്ന്
മേലാസകലം
അരിച്ചുകേറുന്നപോലെ.
അറിയാത്ത ആരൊക്കെയോ
എന്തൊക്കെയോ പറയുകയും
എന്നെ വിമ്മിട്ടത്തിലാക്കുകയും ചെയ്യുന്നു.
ഒരിക്കൽവന്ന കോളിൽ
ഒരമ്മയുടെ കണ്ണീ‍ര്‍മൊഴികള്‍
എപ്പോഴോ വീടുവിട്ടുപോയ്ക്കളഞ്ഞ
മകനോടവര്‍ ക്ഷമിക്കുകയും,
ആശ്രയമറ്റ വാര്‍ദ്ധക്യത്തിന് തുണയായി
വീട്ടിലെത്തണമെന്ന് പറയുകയും ചെയ്തു.
എൻെറയമ്മ പരലോകം പൂകിയിട്ട്
നാളേറെക്കഴിഞ്ഞതിനാൽ
അതെന്റെയമ്മയല്ലെന്നുറപ്പായിരുന്നു.
മറ്റൊരിക്കൽ ഒരുയുവതിയുടെ ജീവിതം
ഫോണിലൂടെ വാവിട്ടുകരയുകയായിരുന്നു!
കാത്തിരിക്കണമെന്നുചൊല്ലി
ജോലിതേടിപ്പോയ കാമുകനാണ് ഞാനെന്ന്
അവള്‍ക്കുറപ്പായിരുന്നു
ഇനിയും ഞാൻ ചെന്നില്ലെങ്കിൽ
വീടിനുമുന്നിലൊഴുകുന്ന പുഴയുടെ
ആലിംഗനത്തിലമരുമെന്നവള്‍
ഞാനെന്താണ് ചെയ്യുക !
നമ്പറുതെറ്റിയതാണെന്നു പറഞ്ഞപ്പോള്‍
ചേട്ടൻെറ ഒച്ചകേട്ടാലെനിക്കറിയില്ലേയെന്നവള്‍,
എന്നെ മറക്കാനാവുമോ ചേട്ടനെന്ന്
അവള്‍ ചോദിക്കുമ്പോള്‍,
സത്യമായും അവളെ വിട്ടുപോന്ന കാമുകനാണ് ഞാനെന്ന്
ചിന്തിച്ചുപോയി.
രണ്ടുമാസം കഴിഞ്ഞ് ചെല്ലുമെന്നും,
അടുത്തുള്ള അമ്പലത്തിൽവെച്ച്
അവളുടെ കഴുത്തിൽ മിന്നുകെട്ടുമെന്നും
എന്നെക്കൊണ്ടവള്‍ പറയിച്ചു.!
പിന്നൊരിക്കൽവന്ന കോളിൽ ഒരാൺകുട്ടി
വീട്ടിലെക്കു ചെല്ലാൻ
നിര്‍ബന്ധിക്കുകയായിരുന്നു
ആപ്പൻ പോയശേഷം ഇളയമ്മ
എപ്പോഴും കരച്ചിലാണെന്നും,
അവരുടെ മിന്നുവിറ്റതിന്
ഇനിയൊന്നും പറയില്ലെന്നും,
ഇളയമ്മയോട് ക്ഷമിക്കണമെന്നും
അവൻ പറഞ്ഞപ്പോള്‍
തരിച്ചിരുന്നുപോയി.
ആപ്പനുടനെ വരണമെന്നും,
ഫോൺ ഇളയമ്മയ്ക്കു കൊടുക്കാമെന്നും
അവൻ പറഞ്ഞപ്പോള്‍,
ഇപ്പോള്‍ വേണ്ടെന്ന് ഫോൺ വെച്ചു ഞാൻ
ആദ്യമാദ്യം ഇക്കാര്യങ്ങള്‍കേട്ട്
ഭാര്യയും മക്കളും പൊട്ടിച്ചിരിച്ചെങ്കിലും
ഈയിടെയവള്‍,
ഇടയ്ക്കെന്നെ സംശയത്തോടെ
നോക്കുന്നപോലെ തോന്നുന്നു!
(അടുത്തൂൺ പറ്റി പത്തുവര്‍ഷം കഴിഞ്ഞ
എന്നെ ഇനിയുമവള്‍ക്ക് മനസ്സിലായില്ലെന്നുണ്ടോ!
ഈ പെണ്ണുങ്ങളെന്തൊക്കെയാണ്
ചിന്തിച്ചുകൂട്ടുന്നതെന്ന്
ആര്‍ക്കറിയാം !)
കഴിഞ്ഞയാഴ്ച വന്ന കോളിൽ,
പറഞ്ഞപോലെ ആയുധങ്ങളുമായി
രാത്രി പന്ത്രണ്ടുമണിക്ക്
കലുങ്കിനടുത്തെത്തണമെന്നും
അവിടെയവര്‍
ഓപ്പറേഷനു തയ്യാറായി
കാത്തിരിക്കുമെന്നും കേട്ട്
വിറച്ചുകൊണ്ട്, നമ്പര്‍ മാറിയതാണെന്നു
പറഞ്ഞു ഞാൻ
ഞങ്ങളോട് നിൻെറ നമ്പറുകള്‍
ഒന്നും ഫലിക്കില്ലെന്നും,
ഒറ്റിക്കൊടുത്താൽ കൊന്നുകളയുമെന്നും
അവര്‍ കോള്‍ കട്ടുചെയ്തു.
പേടിത്തൂറിയായ എനിക്ക്
ഇങ്ങനെയൊരു തീവ്രവാദ മുഖമോയെന്ന്
എൻെറ ശ്വാസം നിന്നുപോയി !
അടുത്തദിവസം തന്നെ
ഞാനെൻെറ ലാൻെറ് ഫോൺ കട്ടുചെയ്തു!
(എങ്കിലുമിടയ്ക്കെല്ലാം
ഇതൊക്കെ ഞാൻതന്നെയായിരിക്കുമോ
എന്ന സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു !)
ഇപ്പോളിതാ എൻെറ മൊബൈൽഫോണിലും
അറിയാത്ത നമ്പറുകളിൽനിന്ന്
കോളുകള്‍ വന്നുതുടങ്ങിയിരിക്കുന്നു!
അവയൊന്നും ഞാനറ്റൻെറുചെയ്യാറേയില്ല !
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

12-7-2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ