2010, ജൂലൈ 7, ബുധനാഴ്‌ച

മേലുടുപ്പണിഞ്ഞ കഴുകന്‍

   പത്രത്താളിലെ
പട്ടിണിക്കഥകളില്‍
ഉണങ്ങിയ അപ്പത്തിന്റെ
പുല്‍ത്തുരുമ്പിലേക്ക് ഉണരാനുള്ള
അര്‍ദ്ധ നഗ്നയായ
കറുത്ത ഇരയുടെ വിഫലശ്രമം,
ക്രൗര്യത്തിന്റെ
കാരുണ്യമൂറുന്ന കണ്‍കളുമായി
മേലുടുപ്പണിഞ്ഞ ക്ഷമപോലെ
ശാന്തനായി
നോക്കി നില്ക്കുന്ന കഴുകന്‍ !
കഴുകനിപ്പോള്‍ പറന്നിറങ്ങുന്നത്
കറുത്തു നഗ്നമായ
എന്റെ മനസ്സിലേക്കാണ്.

( 1993 ലെ സുഡാനിലെ കൊടും ക്ഷാമകാലത്ത്, ഐക്യ രാഷ്ട്രസഭയുടെ വിമാനത്തില്‍ നിന്ന് താഴേക്കിടുന്ന ഭക്ഷണപ്പൊതിക്കുവേണ്ടി ജനങ്ങള്‍ക്ക് കിലോമീറ്ററുകളോളം നടക്കേണ്ടി വന്നു. അപ്പോഴാണ് മരിക്കാറായ ഒരു സുഡാനിപ്പെണ്‍കുട്ടിക്കരികില്‍ കഴുകന്‍ കാത്തിരിക്കുന്ന രംഗം ദക്ഷിണാഫ്രിക്കന്‍  ഫോട്ടോ ജേണലിസ്റ്റായ കെവിന്‍ കാര്‍ട്ടര്‍ പകര്‍ത്തിയത്. ഫോട്ടോ സമ്മാനിതമായെങ്കിലും, ആ പെണ്‍കുട്ടിയെ രക്ഷിക്കാനാവാത്തതിലുള്ള കുറ്റബോധം നിമിത്തം കെവിന്‍ കാര്‍ട്ടര്‍ ജീവിതമവസാനിപ്പിക്കുകയാണുണ്ടായത്.)
 (ദേശാഭിമാനി വാരിക, 2010,ജൂലൈ 4)

1 അഭിപ്രായം:

  1. കാർട്ടർ ആ ഫോട്ടൊ വിറ്റത് NEWYORK TIMES നായിരുന്നത്രെ,ആയിരക്കണക്കിന് വായനക്കാർ
    പത്രത്തിന്റെ ഓഫീസിലേക്ക് വിളിച്ച് ചോദിച്ചു: എന്നിട്ടെന്തായി?ആ കുട്ടി ജീവിച്ചിരിക്കുന്നോ?
    പത്രക്കാർക്കും കാർട്ടർക്കും ഉത്തരമില്ലായിരുന്നു.
    പിന്നീട് മറ്റൊരു പത്രം അതിനെക്കുറിച്ചിങ്ങനെയെഴുതി: "The man adjusting his lens to take just the right frame of her suffering, might just as well be a predator, another vulture on the scene.
    1993ജുലായ് 27 ന് തന്റെ മുപ്പത്തിമൂന്നാം വയസ്സിൽ അദ്ദേഹം ആത്മഹത്യ ചെയ്തു.
    അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് ഇങ്ങിനെയായിരുന്നു: "I am depressed ... without phone ... money for rent ... money for child support ... money for debts ... money!!! ... I am haunted by the vivid memories of killings and corpses and anger and pain ... of starving or wounded children, of trigger-happy madmen, often police, of killer executioners...
    മാഷെ,ആ കഴുകൻ എന്നും ഒരു നിഴലായി നമ്മോടെപ്പമുണ്ട്…ഇഴഞ്ഞുനീങ്ങുന്ന നമുക്ക് പിന്നാലെ,ലോകജനത മുഴുവൻ മറ്റൊരു കഴുകൻ എന്നാരോപിച്ച കാർട്ടറും തന്റെ കാമറയുമായി നമുക്കുപിന്നാലെ.
    ഇത്തരം ആയിരക്കണക്കിന് വേദനകളുടെ ഫോട്ടൊകൾ നിറഞ്ഞ ആൽബമായിപ്പോയല്ലോ നമ്മുടെ മനസ്സ്.

    മറുപടിഇല്ലാതാക്കൂ