2019, നവംബർ 12, ചൊവ്വാഴ്ച

വിത്തുകളും കര്‍ഷകരും
-ബാലകൃഷ്ണന്‍ മൊകേരി
          ചില കര്‍ഷകന്മാര്‍,
വിത്തുകള്‍കിട്ടിയാലവ നടാതിരിക്കുന്നുണ്ട്,
വെറുതേ മാറ്റിവെച്ച്
അവരതിന്റെ ജീവനാളം
ഊതിക്കെടുത്തുന്നു.
പിന്നീട്,വിത്തുജഡങ്ങളെ അവര്‍
ഇഷ്ടംപോലെ പുഴുങ്ങിത്തിന്നേയ്ക്കും
           എല്ലാ വിത്തുകളും ഒരുപോലല്ല
ആകൃതിയിലും പ്രകൃതിയിലും
ഒന്നിനൊന്നുവ്യത്യസ്തമായവിത്തുകള്‍
അവയ്ക്കുള്ളിലൊരു കാലം
ഒളിച്ചുവെക്കുന്നുണ്ടാവും.
ചിലത്
കൊടുംവേനലിലെ പച്ചക്കിനാവുകളാണെങ്കില്‍
മഴക്കാലത്തിന്റെ തരളതയാണ്
ചിലവിത്തുകളില്‍
ഉറങ്ങുന്നുണ്ടാവുക
ഉള്ളില്‍ കാടിന്റെ തലവരയുള്ളവയും
മരുക്കിനാക്കളുടെ
കണ്ണഞ്ചിക്കുന്ന നിറങ്ങള്‍
വരകളായി പേറുന്നവയും
അക്കൂട്ടത്തിലുണ്ടാവും
ഒരു പൊട്ടിത്തെറിയില്‍
സര്‍ഗ്ഗഭാവന വിരിയുന്നവരും
കാറ്റിന്‍തോളിലേറി
കാതങ്ങള്‍ പോകുന്നവയുമുണ്ടാവും
വെള്ളത്തിന്റെ തൊട്ടിലില്‍കിടന്ന്
താലോലമാടാന്‍ കൊതിയുള്ളവയും
ആമാശയത്തീയില്‍കിടന്നാലും
പുറത്തുകടന്ന്
ശാന്തമായി വളര്‍ന്നുവരുന്നവയും
വിത്തുകളിലുണ്ടാവും
അതിനാല്‍,
ഹേ കര്‍ഷകാ,
ഞാനീത്തരുന്ന വിത്തുകളെ
പഴന്തുണിയില്‍കെട്ടി
അട്ടത്തെറിയാതെ
അതിന്റെ സമയംനോക്കി
നട്ടുനോക്കൂ,
അത് വളര്‍ന്ന്
നിന്റെ മോഹങ്ങളെകതിരണിയിയിക്കും
കാലംതെറ്റിയാലൊരുപക്ഷേ,
അവ മുളയ്ക്കുകതന്നെയില്ല
അതിനാല്‍, കൃഷിക്കാരാ,
ഈ വിത്തുകള്‍ വേണ്ടെങ്കില്‍
കാലംതെറ്റുംമുമ്പേ
തിരിച്ചുതന്നോളൂ
വിത്തുകള്‍ അതാതിനുചിതംപോലെ
എവിടെയെങ്കിലും മുളച്ചീടട്ടെ
അതല്ലേ നല്ലത്?