2019 ഏപ്രിൽ 19, വെള്ളിയാഴ്‌ച


തര്‍ക്കം
അറിയാത്തേതോ ക്ഷേത്രസന്നിധി, തര്‍ക്കിക്കുന്നൂ,
രണ്ടുപേര്‍, ആചാരങ്ങള്‍ ലംഘിക്കപ്പെടാവതോ?
ഒരുവന്‍ പാടില്ലെന്നുപറയുന്നേരം,മറ്റോന്‍

"പറയുന്നവയെല്ലാം ചുട്ടെരിക്കുകവേണം"
"പാടില്ല, നൂറ്റാണ്ടുകള്‍ക്കപ്പുറത്തുണ്ടായതാ-
ണേറെ വിജ്ഞന്മാര്‍ കണ്ടുബോധിച്ചതവയെല്ലാം
നമ്മുടെ പൗരാണികപൈതൃകമത്രേ,നമ്മള്‍
മിണ്ടാതെ,യനുഷ്ഠിക്കമാത്രമാണഭികാമ്യം!
ഇതുതാനത്രേ ദൈവഹിതവുമതില്പരം
പറയുന്നവയെല്ലാമീശ്വരവിരുദ്ധമാം"
ഇങ്ങനെയനുകൂലി പറയുന്നേരം,മറ്റോ-
"നജ്ഞത കുമിയുന്നൊരന്ധവിശ്വാസങ്ങളെ,
മാനവവിരുദ്ധമാമാചാരതമസ്സിനെ
അതിലംഘിച്ചാണല്ലോ മാനവകുലം,നമു-
ക്കഭിമാനിക്കാവതാം നില കൈവരിച്ചതം,
ഇനിയും പുരോഗതി കൈവരിക്കുവാനായി
മുന്നോട്ടു കുതിപ്പതു" മെന്നൊരു പ്രതിവാദം
ഉന്നയിക്കവേ,തര്‍ക്കവേദിയില്‍ മൂന്നാമതാ-
യെത്തി വേറൊരാള്‍, അയാളിങ്ങനെയിടപെട്ടൂ:-
"എന്തിനു തര്‍ക്കം, പോയകാലത്തിന്‍ചരിത്രമൊ-
ന്നോര്‍ത്തുനോക്കുക,യെന്തെന്താചാരമതിലുകള്‍
പൂര്‍വ്വസൂരികള്‍-അവര്‍ നിര്‍ഭയര്‍-തകര്‍ക്കയാ-
ലിപ്പൊഴീ നവയുഗം വിരിഞ്ഞുല്ലസിക്കുന്നൂ!
അതിനാലവയെല്ലാം പിന്നെയുമനുഷ്ഠിക്കാ-
നെന്തിനു നമ്മള്‍ വാശിപിടിച്ചു തര്‍ക്കിക്കുന്നൂ?
ഇങ്ങനെ മൂന്നാമത്താള്‍ പറയുന്നതുകേള്‍ക്കെ,
മൊഴിമുട്ടിപ്പോയതാമാചാരവാദി,രുഷ്ടന്‍
എളിയില്‍ നിന്നൂരിയ തിളങ്ങും കഠാരയെ
ആഞ്ഞുവീശുന്നൂ,,തര്‍ക്കവേദിയില്‍ മൂന്നാമതാ-
യെത്തിയ പാവം നിണസ്നാതനായ് നിലംപൊത്തി!
കുത്തിയോനോടുന്നേരം,നിലത്തു കിടക്കുന്ന
മൂന്നാമന്‍,താങ്ങിപ്പിടിച്ചെഴുന്നേല്പിക്കാനായി
ഭീതനായൊരുങ്ങുന്ന രണ്ടാമനോടിങ്ങനെ
കരുണാപൂര്‍വ്വം ചൊല്‍വൂ(പതുക്കെ,പതുക്കവേ)
"ഇവരീച്ചെയ്യുന്നവയൊക്കെയും ദൈവത്തിനായ്-
ത്തന്നെയാണത്രേ, അതിന്നിടയില്‍ കൊലക്കത്തി
ദൈവനെഞ്ചത്തേക്കവര്‍ നിഷ്കൃപം  കയറ്റുന്നൂ
അവരാണെന്നും കേവലാചാരവിശ്വാസങ്ങള്‍
തിരികെയെത്തിക്കുവാന്‍ പോര്‍വിളി മുഴക്കുന്നൂ!"
അവിടുന്നാരാണെന്നു രണ്ടാമന്‍ ചോദിക്കവേ,
മുന്നിലില്ലാരും, മണ്ണില്‍ ചോരതന്‍ കറമാത്രം
(പിറ്റേന്ന്, ശ്രീകോവിലില്‍ പൂജചെയ്യുവാനായി-
ട്ടെത്തിയ പൂജാരിയാ ഭീഷ്മമാം ദൃശ്യംകണ്ടൂ :
പൂജിക്കുംപ്രതിമതന്‍ നെഞ്ചത്തുനിശിതമാം
കത്തിയൊന്നാരോ കുത്തിത്തിരുകിയിരിക്കുന്നൂ
!)

2019 ഏപ്രിൽ 4, വ്യാഴാഴ്‌ച

പൊന്നുരുക്കുന്നിടത്ത്
ഗംഗൻ സ്രാപ്പിൻെറ
കടയിലിരുന്ന്
പൊന്നുരുക്കുന്നത്
കാണുകയായിരുന്നു.
ആവണിപ്പലകയില് ചമ്രംപടിഞ്ഞിരുന്ന്,
അടിപൊട്ടിയ കലം കമഴ്ത്തിയിട്ട്
മേലെവച്ച ചട്ടിക്കഷണത്തിലെ ഉമിക്കരിയില്
ഇരുന്നലുകളിട്ട്,
പൈപ്പിലൂടെ ഊതിയൂതി
തീച്ചൂടിനെ വരുതിയിലാക്കി
ഉരുക്കിയ കാതിലക്കമ്മല്
കട്ടയാക്കി വെള്ളത്തില് മുക്കി
കുട്ട്യോളെ അടിക്കുമ്പോലെ
പതുക്കനെ അടിച്ച്
പരുവപ്പെടുത്തുമ്പോള്
ഒരുകഷണം മുറിഞ്ഞ്
എങ്ങോ തെറിച്ചുപോയി
പൊന്നല്ലേ, സ്രാപ്പും ഞങ്ങളും
പരതിപ്പരതി വശംകെട്ടു
തെറിച്ചത് കിട്ടീല
സാരമില്ലെന്ന് സ്രാപ്പ്
പണിതുടരുന്നു
പുറത്തിറങ്ങി നടന്നനേരം
ഒരു പരുങ്ങല് വന്ന്
എൻെറ തോളിലിരുന്നു
പൊങ്കഷണം ഞാനെടുത്തെന്ന്
ഗംഗൻസ്രാപ്പു കരുതുമോ ?
കടയിലിരുന്ന മറ്റുള്ളോരും
സംശയിക്കുന്നുണ്ടാവുമോ ?
ഞാനാ പൊങ്കഷണം
സത്യമായും എടുത്തിരിക്കുമോ ?!
എന്നെപ്പറ്റി
എനിക്കുതന്നെ സംശയമായി
കാലുകളിടറി
മുഖം മഞ്ഞളിച്ച്
വിവശനായി
തിരിച്ചുചെന്നപ്പോള്
ഗംഗൻ സ്രാപ്പ് പറയുന്നു :
തെറിച്ചുപോയ കഷണംകിട്ടി
അതെൻെറ ഉടുമുണ്ടിലൊളിച്ചതാ
അതിനുശേഷമാണ് പൂച്ചകള്,
പൊന്നുരുക്കുന്നിടത്ത്
പോകാതെയായത്.

2019 മാർച്ച് 16, ശനിയാഴ്‌ച

ഷഡാനനം
ബാലകൃഷ്ണൻ മൊകേരി
1
വെയിലുണക്കാന്‍ചിക്കിയ
പാറപ്പുറത്തുനിന്ന്
എങ്കോണിച്ച കല്ലിന്നിടയില്‍
കുരുങ്ങിപ്പോയൊരു
കാര്‍മേഘക്കഷണം കിട്ടി.
അതിലൊരു വിത്തുണ്ടായിരുന്നു.
അപ്പൂപ്പന്‍താടിപോലെ
കാറ്റിന്‍ചുമലേറി സഞ്ചരിച്ചപ്പോള്‍
ഇണക്കുത്തുകൊടുത്ത് കാറ്റ്
മേഘത്തെ കല്ലില്‍ കരുക്കിയതാവും
കാര്‍മേഘമാണെങ്കിലും
പഞ്ഞിപോലെ മൃദുലം
ഉള്ളിലെ വിത്ത്
ഗര്‍ഭപാത്രത്തിലെപ്പോലെ
നിദ്രയില്‍
2
വിത്തെടുത്ത്
ചകിരിപ്പൊടിയും ചാണകപ്പൊടിയും
ജൈവവളവും ചേര്‍ത്ത്
ഒരുക്കിയ ചട്ടിയില്‍
നട്ടുവെള്ളമൊഴിച്ചു
കവിതയുടെ വിത്താണ്
അതു മുളയ്ക്കട്ടെ,
വളര്‍ന്ന് പടരട്ടെ,
കവിതകള്‍ പൂക്കട്ടെയെന്ന്
നിത്യപരിചരണം.
ഉണര്‍ന്നില്ല ഞാനെന്ന്
പുതപ്പില്‍മൂടുന്ന
കുഞ്ഞിനെപ്പോലെ
വാശിപിടിച്ചുകിടന്നവള്‍
3
ഒടുവില്‍ നിവൃത്തിയില്ലാതെ
കൂമ്പെടുത്തു വളരുന്നു
ഇലകള്‍ക്കോരോന്നിനും
ഓരോരോ രൂപമാണല്ലോ
കൊടിത്തൂവയിലെന്നപോലെ
ഇലകളില്‍ നിറയെ
ചൊറിച്ചലുണ്ടാക്കുന്ന
വെളുത്തരോമങ്ങളാണ്
പിംഗലനിറത്തണ്ടില്‍
താഴോട്ടുവളഞ്ഞ മുള്ളുകള്‍
തൊടാനാവുന്നില്ലെന്ന പരിദേവനം
പൂക്കട്ടെയെന്ന പ്രത്യാശയില്‍
മുഴുകിനില്ക്കേ,
പൂത്തുവല്ലോ മേഘച്ചെടി
4
ഓരോ പൂവും
ഓരോ നിറം
ഓരോ മണം
ഒന്നും മനസ്സിലാവുന്നില്ലല്ലോയെന്ന്
തൊട്ടുനോക്കിയവര്‍
മുള്ളുകള്‍കൊണ്ട് രക്തസാക്ഷികളായി
മണത്തുനോക്കിയവര്‍
ഒരുമണവും അറിയാത്തവരായി
ബോധാബോധങ്ങളുടെ
കാട്ടുവഴികളിലായി
വെള്ളമില്ലാതെ നീന്തുന്നവരായി
5
മണ്ണുപരിശോധിക്കണമെന്ന്
കൃഷി ആപ്പീസര്‍
മണ്ണിനില്ല കുഴപ്പമെന്ന്
പരിശോധിച്ച ഫലംവന്നു
പരിശോധകര്‍
മരിച്ചുപോയെന്ന്
ഫലശ്രുതിയും വന്നു
6
ചെടിയിലെ പൂക്കളിലിപ്പോള്‍
നിറയെ ആത്മാക്കളാണ്
പറ്റിയ കാലം വരുമ്പോള്‍
പുനര്‍ജ്ജനിക്കാന്‍
കാത്തുനില്ക്കുന്ന
ആത്മാക്കള്‍ മാത്രം
എങ്കിലുമെന്റെ കാർമേഘച്ചെടീ
നീ എന്നെ
സമകാലികനാക്കുന്നില്ലല്ലോ
ഒരിക്കലും !

2019 ജനുവരി 5, ശനിയാഴ്‌ച

പൊക്കച്ചൻ
പൊക്കച്ചൻ ദേഷ്യത്തിലായിരുന്നു. എന്തുപറ്റിയെടോ എന്ന് ദിനേശനോട് ഞാൻ ആംഗ്യഭാഷയില് അന്വേഷിച്ചു.അവൻ കൈമലർത്തിക്കാണിച്ചു.
ദിനേശൻെറ കടയുടെ മുന്നിലൂടെ അച്ചാലും മുച്ചാലും നടക്കുകയായിരുന്നു മൂപ്പർ. തലയിലെ കെട്ട് അഴിക്കുകയും, വീണ്ടും മുറുക്കിക്കെട്ടുകയും ചെയ്യുന്നുണ്ട്.എന്തോ പന്തികേടുണ്ട്.
പെട്ടെന്നാണ് കല്യാണിയമ്മ കടയിലേക്ക് വന്നത്."ദിനേശാ ഈട പാല്ണ്ടേനോ?"
"ഇണ്ട് കല്യാണ്യമ്മേ"
"എന്നാലൊരു പാക്കറ്റ് താ."അവർ പറഞ്ഞു
ദിനേശനോട് സംസാരിച്ച്, തിരിഞ്ഞുനോക്കുമ്പോഴാണ് കല്യാണിയമ്മ പൊക്കച്ചനെ കാണുന്നത്.ഒരു നിമിഷം അവർ പൊക്കച്ചനെ ശ്രദ്ധിച്ചു.എന്നിട്ട്, ഇങ്ങനെ ചോദിച്ചു:
"ഇനിക്കെന്ത്ന്നാ പൊക്കാ പറ്റ്യേത് ?, കാലുമ്മല് ഇറ്മ്പ് കേര്വാൻ നേരേല്ലാത്തപോലെ, ഞ്ഞ് കൊറേരായല്ലോ ഇങ്ങനെ നടക്ക്ന്ന് ?!"
പൊക്കച്ചൻ തലയിലെകെട്ട് ഒന്നുകൂടി അഴിക്കുകയും മുറുക്കുകയും ചെയ്തു.
"ഉയീ, മളേ കല്യാണ്യേ, ഞ്ഞെപ്പേനും ബന്നേ?"
"ഞാനിപ്പം ബന്നിറ്റേള്ളൂ. ഇനിക്കെന്നാ പറ്റ്യേ ?!"
"ഞ്ഞിയൊന്നും കേക്ക്ന്നില്ലേ, ശബരിമലേലെ കൊരോദം ?"
"അയിനെന്താക്കളേ.പെണ്ണ്ങ്ങള് ആടകാര്യാല്, മലേന്താ ഇടിഞ്ഞുപോവ്വോ !?"
"അത്യെന്യാ കല്യാണ്യേ, ഞാനും ചോയിക്ക്ന്നേ,എല്ലപ്പാ, പോന്ന്യോല് പോട്ടെ, അയിന് ഈറ്റിങ്ങക്കെന്താ?!"
പെരാന്ത് !
"അത്യെന്യാ കല്യാണ്യേ, ഞാനും നിരീക്ക്ന്നേ." "എനീപ്പോ, ഇക്കോരോദം സയിച്ചൂടാണ്ട്, ഓറാറ്റം രാജിവെച്ചൂട്വോ?"
ആര്?
"അയ്യപ്പൻ തന്നെ വേറ്യാരാ"
പൊക്കച്ചൻ വീണ്ടും തലക്കെട്ടഴിച്ച് മുറുക്കിക്കെട്ടി.
ഞാനും ദിനേശനും പരസ്പരംനോക്കി അമ്പരന്നു നില്ക്കുകയായിരുന്നു. അതും ഒരു സാധ്യതതന്നെയല്ലേ എന്നായിരുന്നു അപ്പോഴത്തെ ചിന്ത.

2018 ഡിസംബർ 22, ശനിയാഴ്‌ച

മതിലുകള്‍
അവരന്ന് മതിലുപണിഞ്ഞത്
ഞങ്ങളെ
അവരില്‍ നിന്ന്
അകറ്റിനിർത്താനായിരുന്നു
എന്നാലിന്ന് ഞങ്ങള്‍
പണിയുന്നത്
മതിലല്ല,
മാനവികതയുടെ
പ്രതിരോധമാണ്,
ഞങ്ങളുടെ ജീവിതത്തില്‍
പോയകാലത്തിൻെറ
ഇരുണ്ട അധോലോകത്തുനിന്ന്
വിനാശശക്തികളുടെ
വിഷപ്പാമ്പുകള്
നുഴഞ്ഞുകയറാതിരിക്കാനുള്ള
കാരിരുമ്പിൻെറ കരുത്താണ്
സ്നേഹത്തിൻെറ
ഇഴയടുപ്പമുള്ള
നിലപാടുകളുടെ
ആർദ്രതയാണ്,
ചരിത്രം ഞങ്ങളിലേല്പിച്ച
രക്തദൗത്യത്തിന്റെ
ഉത്തരവാദിത്തപൂര്‍ണ്ണമായ
നിര്‍വ്വഹണമാണ്

--ബാലകൃഷ്ണൻ മൊകേരി.

2018 ഒക്‌ടോബർ 27, ശനിയാഴ്‌ച

പ്ലാന്‍ ബി
(വി.കെ. എന്‍ സ്മരണയില്‍ ഒരു കല്പിതകഥ.-)

ബ്രാഹ്മമൂഹൂര്‍ത്തത്തില്‍ അവിടെ എത്തിച്ചേരുമ്പോള്‍ സൂത്രധാരന്‍ തിരക്കിലായിരുന്നു.ച്ചാല്‍, കാലേ തുടങ്ങീരിക്ക്ണൂന്നര്‍ത്ഥം.ഇടവഴിയിലും, പറമ്പിലും,മുറ്റത്തും, ഉമ്മറക്കോലായിലും അകത്തളത്തിലും(വാതില്‍വഴികാണാവുന്നിടത്തോളം) വിവിധജാത്യാദികളിലുള്ള ജനം, തീണ്ടാപ്പാടുകള്‍ ദീക്ഷിച്ചും പഞ്ചപുച്ഛമടക്കിയുമങ്ങനെ.....മൊഴിമുത്തുകള്‍ കോളാമ്പിയില്‍നിന്ന് പെറുക്കിയെടുക്കാനായി ഒരൂട്ടം വേറെയും കാണപ്പെട്ടു.(ഇത്തരമൊരു ചുറ്റുപാടില്‍ ആരുതന്നെ ദര്‍പ്പംകൊള്ളില്ല !)
തഞ്ചിനിന്ന് മൊഴിഞ്ഞു :
ഒരിന്റര്‍വ്യൂ തരാക്കാംന്ന് പറഞ്ഞിരുന്നു
സൂത്രി മുഖമുയര്‍ത്തി:
ഉവ്വോ, ഇപ്ലോ ?
തന്നെ,തന്നെ.
ന്നാല്‍ വര്വ.വിശേഷിച്ച് ?
താങ്കളാണല്ലോ ഇപ്പോഴത്തെ കാണപ്പെട്ടതും പെടാത്തതുമായ ആചാര്യര്‍ ?
ആണ്, ആണ്
ആചാരസംരക്ഷണസമിതിയുടെ കിരീടംവയ്ക്കാത്ത രാജന്‍ എന്നനിലയില്‍......
മലര്‍ക്കെ ചിരിച്ചുകൊണ്ട് സൂത്രി ചാരുകസാരയില്‍ നിറഞ്ഞു.
അതെയതേ.തറവാട് സംരക്ഷിക്കാനായി, ആണും പെണ്ണുമായി,കുലകളായി,കുലമഹിമകളായി ജനം നിറഞ്ഞത് കാണപ്പെടുന്നില്ലാന്നുണ്ടോ ?
പെടുന്നു, പെടുന്നു.തീണ്ടാരി എന്ന മഹാരോഗംപേറുന്ന മറുപാതി പടിചവിട്ടിയാല്‍ എന്തും സംഭവിക്കാം, ല്യോ ?
പിന്നെ,അശുദ്ധാവില്യേ സര്‍വ്വതും. വിശ്വാസം അങ്ങട് തകരില്യേ ?ആയിരക്കണക്കിന് സംവത്സരങ്ങളുടെ ജലസ്പര്‍ശമേശാത്ത ആചാരങ്ങള്‍...
തറവാട്ടുപാരമ്പര്യം ശതവര്‍ഷങ്ങളിലൊതുങ്ങുംന്നാണല്ലോ ചരിത്രം
കാല്പനികത പൊലിപ്പിച്ചുപറയുന്നതിനിടയ്ക്കാണോ സത്യംകൊണ്ട് ഇടങ്കോലിടുന്നത്. സമ്മതിക്കില്ല ഞാന്‍
( അവസാന വാചകം കുഞ്ജരഃമട്ടിലായതിനാല്‍ വളപ്പില്‍ കുളിച്ചുണ്ടുകഴിയുന്നവര്‍ കോറസായി വാചകം ഏറ്റെടുത്തു മുറവിളി തുടങ്ങി.)
അപ്പോള്‍ കോടതി മുതലായ.... ?!
മിണ്ടാതിരി.വിരുദ്ധര്‍ പടിയില്‍ സ്പര്‍ശിച്ചാല്‍ പടിയടച്ച് താക്കാല്‍ വിഴുങ്ങും.
അതിന് വകുപ്പുണ്ടാവുമോ ?
അശുദ്ധായാല്‍ ശുദ്ധീകരിക്കണം
അവര്‍ക്ക് യാതൊരശുദ്ധിയുമില്ലെങ്കിലോ ?
തറവാടിന്റെ വിശുദ്ധികാക്കാന്‍ പ്ലാന്‍ വേറെയുണ്ട്. പ്ലാന്‍ ബി.
ന്ന്വച്ചാല്‍ ?
തറവാടിന്റെ അകത്തളത്തില്‍ ഒന്നും രണ്ടും നിര്‍വ്വഹിക്കാന്‍ ആളെ ഏര്‍പ്പാടാക്കീട്ടുണ്ട്.ഒരാഴ്ചയായി അവര്‍ കാണാമറയത്ത് നവദ്വാരങ്ങളുമടച്ച് പാഞ്ഞുനടക്കുന്നു.സിഗ്നല്‍കിട്ടിയാലുടന്‍ അവര്‍ കര്‍മ്മംചെയ്ത് നിഷ്ക്രമിക്കും.കുറ്റം ആചാരവിരുദ്ധരുടെ തലയിലുമാവും.
അപാരംതന്നെ അമേധ്യപ്രക്ഷേപണതന്ത്രം.ആരാ ഇതിന്റെ പിന്നില്‍ ?
ഈ തലയില്‍നിറയെ മറ്റെന്താണുള്ളതെന്നാ താന്‍ കരുതുന്നത് ?
അയ്യയ്യോ, അവിടുത്തെ തലനിറയെ ഇതുതന്നെ. ഇതു ചരിത്രമാവും.
ആവണമല്ലോ. നാറ്റമൊക്കെമാറി തറവാട് ശുദ്ധമാവാന്‍ ചുരുങ്ങിയത്, വര്‍ഷമൊന്നുവേണ്ടിവരും അതിനിടയ്ക്ക്, ആചാരവിരുദ്ധരൊക്കെ അവരവരുടെ അളകളിലൊതുങ്ങും.
പടച്ചോനെ വിളിച്ചുപോയി.
സൂത്രധാരന്‍ ഭരതവാക്യം പറഞ്ഞു :
തറവാടിന്റെ വിശുദ്ധികാക്കാന്‍ ഞാന്‍ പ്രതിബദ്ധനാണെടോ.
ഇന്റര്‍വ്യൂ അവസാനിപ്പിച്ച് തിരിഞ്ഞോടുകയായിരുന്നു ഞാന്‍ എന്നെങ്ങനെ പറയാതിരിക്കും ?!

2018 ഒക്‌ടോബർ 2, ചൊവ്വാഴ്ച

ഗാന്ധി

കേട്ടപ്പോള്‍
തേടിയിറങ്ങിയതാണ്
എവിടെയും
കാണാന്‍ കഴിഞ്ഞില്ല
ഒടുവില്‍
ആകാശത്തിന്റെ പര്യായത്തില്‍
ഗകാരം കണ്ടുകിട്ടി
കാട്ടില്‍ നിന്നു് കിട്ടിയതൊരു ദീര്‍ഘം
പറയേണ്ടതു പറയുന്ന
നാവില്‍നിന്നും
നകാരമെടുത്തു വര്‍ണ്ണമാക്കി.
ഭൂമിയുടെ പര്യായം
ധകാരം കടംതന്നു
ഇകാരചിഹ്നംതേടി
അലയാത്ത ഇടമില്ല
ഒടുവിലത്
ഇന്ത്യയില്‍നിന്നു് അടര്‍ത്തിയെടുത്ത്
ഉലയിലിട്ടു പഴുപ്പിച്ച്
കൂടത്തിനിടിച്ച്
പരുവപ്പെടുത്തിയെടുക്കേണ്ടിവന്നു.
എത്ര ബുദ്ധിമുട്ടിയാലെന്താ
എനിക്കു കിട്ടിയത് ഗാന്ധിയെയാണ്