2017 ഏപ്രിൽ 23, ഞായറാഴ്‌ച

പുസ്തകദിനം

ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്ന
പുസ്തകത്തിനു ചുറ്റും
പേരറിയാത്തൊരു പാറ്റ
അതിവേഗം ചുറ്റിക്കറങ്ങുന്നത്
അലോസരമായതിനാല്‍
പോയി പണിനോക്കാന്‍ പറഞ്ഞു.
പാറ്റയപ്പോള്‍,
ഞാന്‍ തുറന്നുവച്ച
താളില്‍കയറി,
ഓരോ അക്ഷരവും ചുംബിച്ചുണര്‍ത്തി
വരികള്‍തോറും സഞ്ചരിച്ചുതുടങ്ങി.
ഞാനപ്പോള്‍,
പുസ്തകമടച്ചുവയ്ക്കുകയും
അക്ഷരങ്ങളില്‍ കുടുങ്ങി
രക്തസാക്ഷിയായവരെപ്പറ്റി
ആലോചിച്ചുതുടങ്ങുകയും.........

2017 ഏപ്രിൽ 16, ഞായറാഴ്‌ച

അടുപ്പം
നമ്മളന്യോന്യം പുറംതിരിഞ്ഞു, പുറംകൊണ്ട്
തൊട്ടുനില്ക്കുന്നൂ, തമ്മില്‍ കാണുവാനരുതല്ലോ!
എത്രകാതങ്ങള്‍ നേരെസഞ്ചരിച്ചതിന്‍ശേഷം
കണ്ടുമുട്ടിടാം,പക്ഷേ, കാണാതെയിരുന്നീടാം!
-ബാലകൃഷ്ണന്‍ മൊകേരി

2017 ഏപ്രിൽ 14, വെള്ളിയാഴ്‌ച

· Yesterday at 13:26 ·
മേഘമാലയണിഞ്ഞൊരാകാശമേ,
നിന്‍മുഖമെന്തേയിരുളുവാ,നെന്നെ നീ-
യെന്തിനാവാം തപിച്ച ശ്വാസത്തിനാല്‍
ചുട്ടുനീറ്റുന്നതിങ്ങനെയെപ്പൊഴും ?
(നിറയെ പൂത്തുനിന്നൊരു കണിക്കൊന്ന ഒരു വേനല്‍മഴ പെയ്തപ്പോള്‍ത്തന്നെ, പൂക്കളാകെക്കൊഴിഞ്ഞുനില്പായി. ഇപ്പോളവള്‍ ഇലകളില്‍ ഉടല്‍മറച്ചുനില്ക്കുകയാണ്)



കണിക്കൊന്ന

ഈ കണിക്കൊന്നയെ നോക്കൂ, അവള്‍ തന്റെ-
യമ്മയേകിയ പൊന്‍കാശുമാലയെ
തന്‍ കണവന്റെ കണ്ണുനീരില്‍ മുങ്ങി-
യങ്ങഴിച്ചുകൊടുത്തുനില്ക്കുന്നവള്‍!
കണ്ണുനീരിന്റെ നാട്യമതെങ്കിലും
തന്‍ കണവന്റെയുണ്മയായോരുവോള്‍ !
പച്ചിലകളാമാടയില്‍ മേല്‍മൂടി
നില്ക്കയാണവള്‍,കൊന്ന, വധൂടിയാള്‍ !
(പ്രേമമെന്ന മരുപ്പച്ചയിങ്ങനെ-
യെത്രപേരെ ഭ്രമിപ്പിച്ചിരിക്കയാം !)