കൊട്ടാരംവളയാനൊരുങ്ങുന്ന
കർഷകർക്കുനേരെ
വെടിയുണ്ടകളുമുതിർത്ത വാർത്തകേട്ട്
ഉന്മത്തനായ മഹാരാജാവ്,
മുന്നിലെത്തിയ വൃദ്ധകർഷകനോട്
പരിഹാസത്തോടെ ചോദിച്ചു :
ഇപ്പോഴെങ്ങനെയുണ്ട് ?
മടങ്ങിപ്പോകാൻതോന്നുന്നില്ലേ !
വരണ്ടുണങ്ങിയ പാടംപോലെ വിണ്ട കാലുകളും
വറ്റിയ പുഴപോലെ മുഖത്ത് ചുളിവുകളുമായി
നിർഭയനായിനിന്ന്
ആ വൃദ്ധ കർഷകൻ
മറുപടിയേകി :
മഹാരാജൻ,
താങ്കള്ക്കറിയില്ല കർഷകനെ,
മണ്ണിനേയും, കാലാവസ്ഥയേയും
ഋതുക്കളേയുമറിയില്ല
കൃഷിയെക്കുറിച്ചൊന്നുമറിയില്ല
താങ്കള് വെറും അജ്ഞതയുടെ മഹാരാജാവാണ് !
മണ്ണിനോടും കാലാവസ്ഥയോടും പൊരുതി,
വിയർപ്പിനാൽ നനച്ച്
പ്രത്യാശയുടെ വളമിട്ട്
നാടിന്റെ ജീവൻ വിളയിക്കുന്നവനത്രേ
കർഷകൻ
അക്രമികളോ,ശത്രുക്കളോ അല്ലാത്തതിനാൽ
കർഷകരുടെ നെഞ്ചിലേക്ക്
ആർക്കും വെടിയുണ്ട പായിക്കാനാവും
കർഷകർ മരണപ്പെട്ടുവെന്നുംവരാം
എന്നാൽ,
എരിയുന്ന ആ നെഞ്ചിൽവീഴുന്ന
ഓരോ വെടിയുണ്ടയും
വിളനിലത്തിൽ വീണ വിത്തുപോലെ
മുളച്ചുവരും
അതിൽവിളയുന്ന വെടിയുണ്ടകള്
ഓരോന്നായി പൊട്ടിത്തെറിച്ച്
നാളെ ഈ നാടുതന്നെ എരിഞ്ഞൊടുങ്ങും
താങ്കളുടെ ഈ മൃഗയാവിനോദം
താങ്കളെയൊരു ദുഷ്പേരുമാത്രമായി
ചരിത്രത്താളുകളിൽ പതിക്കും
കഴുത്തിലേക്ക് തിളങ്ങിയടുക്കുന്ന
വാള്ത്തലയിൽ നോക്കിക്കൊണ്ട്
കർഷകൻ പുഞ്ചിരിക്കുകയായിരുന്നു
****************************************